ഇന്ത്യയ്‌ക്ക് 23 റണ്‍സ് ലീഡ്

PTIPRD
ഇന്ത്യന്‍ മുന്‍ നായകന്‍ സൌരവ് ഗാംഗുലിയുടെയും മദ്ധ്യനിര ബാറ്റ്‌സ്‌മാന്‍ വി വി എക്‍സ് ലക്ഷ്‌മന്‍റെയും മികവില്‍ കാര്യമായ പരുക്കുകള്‍ ഇല്ലാതെ ഇന്ത്യ ഒന്നാം ഇന്നിം‌ഗ്‌സ് അവസാനിപ്പിച്ചു. രണ്ടാം ദിവസത്തെ പകല്‍ മുഴുവന്‍ ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 288 നേടി. 23 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലഭിച്ചു.

ഒരറ്റത്ത് വിക്കറ്റ് കൊഴിയുമ്പോഴും മികച്ച പ്രതിരോധം തീര്‍ത്ത മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയുടെ അര്‍ദ്ധ ശതകമാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ കടക്കാന്‍ തുണച്ചത്. 87 റണ്‍സ് എടുത്ത ഗാംഗുലിയെ സ്റ്റെയ്‌ന്‍ ഹഷീം ആം‌ലയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. വി വി എക്‍സ് ലക്ഷ്മണ്‍ 50 റണ്‍സ് എടുത്ത് മോര്‍ക്കലിനു കീഴടങ്ങി.

മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മോര്‍ക്കലും സ്റ്റെയ്‌നുമായിരുന്നു ഇന്ത്യയെ തകര്‍ത്തത്‍.ഗാംഗുലിയും ലക്‍ഷമണും കഴിഞ്ഞാല്‍ 32 റണ്‍സ് വീതം എടുത്ത യുവ്‌‌രാജും ധോനിയുമാണ് മികച്ച പ്രകടനം നടത്തിയവര്‍. രണ്ടു പേരും പോള്‍ ഹാരീസിനു കീഴടങ്ങി. യുവി ഡിവിലിയേഴ്‌സിനു ക്യാച്ച് നല്‍കി. തൊട്ടു പിന്നാലെ ധോനി ബൌച്ചറിന്‍റെ കയ്യിലെത്തി.

ലഞ്ചിനു ശേഷം ആദ്യം പുറത്തായത് ദ്രാവിഡായിരുന്നു. 29 റണ്‍സ് എടുത്ത ഇന്ത്യന്‍ വന്‍മതിലിനെ മോര്‍ക്കലിന്‍റെ പന്തില്‍ ഡിവിലിയേഴ്‌സ് പിടിച്ചു. ഇന്ത്യയ്‌ക്ക് രാവിലെ തന്നെ വീരേന്ദ്ര സെവാഗിനെയും വസീം ജാഫറിനെയുമാണ് നഷ്ടമായി. രണ്ടുപേരും വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ജാഫര്‍ 34 പന്തില്‍ 15 റണ്‍സ് എടുത്ത് മോര്‍നേ മോര്‍ക്കലിനു കീഴടങ്ങി. സെവാഗ് എട്ട് റണ്‍സിന് ഡേല്‍ സ്റ്റെയ്‌‌നു മുന്നിലും വീണു.

ഹര്‍ഭജന്‍ സിംഗിന്‍റെ സംഭാവന ആറ് റണ്‍സായിരുന്നു സ്റ്റെയ്‌ന്‍ വിക്കറ്റിനു മുന്നില്‍ തളയ്‌ക്കുകയായിരുന്നു. പീയൂഷ് ചൌളയെ മഖായ എന്‍റിനി ഗ്രെയിം സ്മിത്തിന്‍റെ കയ്യിലാക്കി. ഒമ്പത് റണ്‍സുമായി ശ്രീശാന്തും റണ്‍സ് എടുക്കാത്ത ഇഷാന്ത്‌‌ശര്‍മ്മയുമാണ് ക്രീസില്‍‍. ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്‌സില്‍ 265 റണ്‍സിനു ഇന്ത്യ പുറത്താക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക