‘എനിക്കിത് വേണ്ട’ എന്നല്ല, ‘ഇതും ആയിക്കോട്ടെ’ എന്ന ഭാവത്തിലേക്ക് മാറൂ... ജീവിതം ആസ്വദിക്കൂ !

Webdunia
ശനി, 12 ഓഗസ്റ്റ് 2017 (15:00 IST)
ജീവിതത്തെ നാം പലപ്പോഴും ഒരു യാത്രയായാണ് സങ്കല്‍പ്പിക്കുക. അതായത് കാലത്തിന്‍റെയും സമയത്തിന്‍റെയും പാളങ്ങളിലൂടെയുളള ഒരു നീണ്ട യാത്ര. പക്ഷേ ജീവിക്കുക എന്നത് ഈ നിമിഷമാണ്. ‘നാളെ’ ഉണര്‍ന്നു കഴിയുമ്പോള്‍ അത് ‘ഇന്നായി’ പ്പോകുന്നില്ലേ ? എങ്കിലും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഋതുക്കള്‍ മാറുന്നു, ശരീരം മാറുന്നു, മാനസിക ഭാവങ്ങള്‍ മാറുന്നു, മാറ്റങ്ങളെ നാം ഭയപ്പെടുന്നുവെങ്കിലും അവയെ ഉറ്റുനോക്കുകയും ചെയ്യുന്നു.
 
ഇതൊരു സത്യമാണ്. പലപ്പോഴും നാം സമ്മതിക്കാന്‍ തയ്യാറാകാത്ത സത്യം. ജീവിതം എപ്പോഴും വര്‍ഷക്കാലമോ, വസന്തകാലമോ, വേനല്‍കാലമോ അല്ല. അതിനാല്‍ സന്തോഷത്തെ സ്നേഹിക്കുന്നതുപോലെ വേദനയെയും സ്നേഹിക്കുക. ‘എനിക്കിത് വേണ്ട' എന്ന ഭാവം "ഇതും ആയിക്കോട്ടെ' എന്ന ഭാവത്തിലേയ്ക്ക് മാറ്റുക. ഉദാരതയോടെ ജീവിതത്തെ സമീപിക്കുക. 
 
ചൂടും തണുപ്പും,  തെറ്റും ശരിയും , സന്തോഷവും വേദനയും ഒരുപോലെ സ്വീകരിക്കുക. നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയെ ആലിംഗനം ചെയ്യുന്നതു പോലെ വേദനയെ ആലിംഗനം ചെയ്യുകയും സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്യുക. ഒരു വേദനയും അധികകാലം നില്‍ക്കുകയില്ല. വീണ്ടും മാറ്റങ്ങള്‍ വരുമെന്ന് മനസിനെ ബോധ്യപ്പെടുത്തുക. മാറ്റങ്ങളുടെ ഈ ലോകത്ത് ഉള്ളിലൊരു ചിരിയോടെ, നിര്‍മ്മലതയോടെ, ജീവിക്കാന്‍ പഠിക്കുക.
Next Article