ദൈവം പറഞ്ഞു : തിന്നരുത്

Webdunia
വിഷം തീണ്ടി
അര്‍ദ്ധബോധത്തില്‍ കന്യക മാതിരി
നീലിച്ച ആകാശവും
വിടനെപ്പോല്‍
ചുവന്ന ഭൂമിയും ചുംബിക്കുന്ന
ഏകാന്തതയില്‍ നിന്ന്
ആരെ തോല്‍പ്പിക്കാന്‍
പടക്കച്ച കെട്ടിയിറങ്ങിയിരിക്കുന്നു ഞാന്‍


ആയിരം ആരവാരത്തിനിടയിലെ മൗനം
ഏറ്റവും സ്വകാര്യമായി തിരഞ്ഞ്‌
ഉടല്‍ വിയര്‍ക്കുന്നതെന്തിനു?


ഏതോ ഒരുവളുടെ പേരുകൊത്തിയ
മോതിര വിരലിനോട്‌ കാമം.


ശരീരം തിരസ്ക്കരിച്ച്‌, പടിയിറക്കിയ
ഹൃദയത്തെ കൈയില്‍ തൂക്കി
കമ്പോളത്തില്‍ വില പേശുന്നു
ആര്‍ക്കു വേണം


രക്ഷാപ്രവര്‍ത്തനം നിഷേധിക്കപ്പെട്ട
കുഴല്‍കിണറില്‍ കുടുങ്ങിയ കുട്ടി
അങ്ങോട്ടൊ ഇങ്ങോട്ടൊ


തൈരുകടഞ്ഞാല്‍ മോരു, പിന്നെ വെണ്ണ
പ്രണയം കടഞ്ഞാല്‍ മുറിവ്‌, പിന്നെ രക്തം
നൂറു മുറിവിലേക്കൊരു ചുംബനമെന്ന അനുപാതം
കൃത്യമായി യോജിക്കുന്നത്‌ മറ്റെവിടെയാണു

ഏദനില്‍,
ഭംഗി കൂടിയ ജീവ ഫലം ചൂണ്ടി
ദൈവം മനുഷ്യനോടു പറഞ്ഞു
കണ്ടോളു തിന്നരുത്‌
ഏതു നൈരാശ്യമാണതു പറയിച്ചത്‌.


ട്രാഷ്‌ ക്യാന്‍ വരെ പരസ്പരം പരിശോധിച്ച്‌
അരക്കിട്ടുറപ്പിക്കേണ്ടി വരുന്ന വിശ്വാസ്യതക്ക്‌
പ്രണയമെന്നു പേരിട്ടതാരാണു

ആ പദത്തെ വാക്യത്തില്‍ പ്രയോഗിച്ചും
പര്യായമെഴുതിയും കിതക്കുന്നു എനിക്ക്‌.