കാഴ്ചത്തിളക്കം

Webdunia
എന്‍ തട്ടകപ്പുറ വാതില്‍ക്കല്‍ നില്‍ക്കുവോ-
രെന്നെത്തിരിച്ചറിയുന്നീല,കാണുന്നു-
മില്ലവരെന്നെ;യാര്‍ദ്രം ചിരിച്ചു
കടന്നു പോകുന്നു ഞാന്‍ നിത്യം.


എന്നെയേതോ നടപ്പാതയോരങ്ങളില്‍
നിന്നുവിയര്‍ക്കുവോര്‍ കാണുന്നുടനവ -
രെന്നെത്തിരിച്ചറിയുന്നു
മിന്നായമായിടാം-കണ്‍കളിലേതോ
പുരാസൗഹൃദത്തിന്‍ തിളക്കം;
എന്തോപറയുവാന്‍ ചുണ്ടനക്കുംന്നതിന്‍
മുമ്പേനടപ്പതെന്‍ ശീലം.


എന്നെയറിവോരറിയാത്തവരെനി-
ക്കെന്നും പ്രിയം; സ്വയം തേടുവതൊന്നു ഞാന്‍:
എന്നൈയെന്‍ സ്വത്വഭാവത്തെ.
എങ്ങാണതിന്‍റെ പ്രത്യക്ഷമെന്നാണതിന്‍
മിന്നല്‍ തിളക്ക സാരൂപ്യം?