തിരുവനന്തപുരത്ത് കിഴക്കെക്കോട്ടയിലാണ് ശ്രീപത്മനാഭന്‍റെ ക്ഷേത്രം. - തിരു- അനന്ത-പുരം- പ്രധാന മൂര്‍ത്തി അനന്തപത്മനാഭന്‍. അനന്തനുമുകളില്‍ പള്ളിയുറങ്ങുന്നത് പത്മനാഭനാണ്. അനന്തപത്മനാഭന്‍റെ നാട് എന്ന അര്‍ഥത്തിലാണ് തിരുവനന്തപുരത്തിന് ഈ വിളിപ്പേര് കിട്ടയത്.
തിരുവിതാകൂര്‍ രാജകൊട്ടരാത്തിന്‍ കീഴിലാണ് ക്ഷേത്രമിപ്പോള്‍. മുന്നൂറു വര്‍ഷം മുന്‍പ് തീര്‍ത്ത ശ്രീ പത്മനാഭന്‍റെ കടുശര്‍ക്കര വിഗ്രഹത്തിലെ സ്വര്‍ണ്ണത്തിളക്കം അലങ്കാരപ്രിയന്‍റെ ഭക്തര്‍ക്ക് വിസ്മയത്തിലുപരി വിശ്വാസത്തിന്‍റെ സാക്ഷാത്കാരമാണ്.
അഭിഷേകം പോലും നിഷിദ്ധമായ ശ്രീപത്മനാഭ വിഗ്രഹത്തെ പരിപാലിച്ചിരുന്നത് മയില്‍പ്പീലികൊണ്ടായിരുന്നു. അതി സങ്കീര്‍ണ്ണമായ കടുശര്‍ക്കര വിഗ്രഹത്തില്‍ അസ്ഥികൂടവും സന്ധികളും 64 നാഡികളുമടങ്ങുന്നു.
പതിറ്റാണ്ടുകളായി നിലനിന്ന മിത്തിനെ ശരിവച്ചുകൊണ്ട് ഏറ്റവും പുറമേയുള്ള കല്‍ക്കം എന്ന മരുന്നുകൂട്ടിനുള്ളില്‍ ഒളിച്ചിരുന്ന സ്വര്‍ണ്ണം പുറത്തുവന്നത് അടുത്ത കാലത്താണ്.
ക്ഷേത്രം മുഴുവനും കത്തി നശിപ്പിച്ചപ്പോള്‍ കൊല്ലവര്‍ഷം 908-ല്‍ മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ചതാണ് ഇന്നു കാണുന്ന ക്ഷേത്രവും വിഗ്രഹവും. വിഗ്രഹം 12000 സാളഗ്രാമങ്ങള്‍ കൊണ്ട് കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ചതാണ്.
നേപ്പാളിലെ ഗണ്ഡകിനദിയിലുണ്ടാകുന്ന സാളഗ്രാമങ്ങളില്‍ 24000 എണ്ണം നേപ്പാള്‍ രാജാവ് ആനപ്പുറത്തു കൊടുത്തയച്ചു എന്നും ഇതില്‍ 12000 എണ്ണം ഉപയോഗിച്ച് ""ബാലരണ്യകോണിദേവന്‍'' എന്ന ശില്പി കടുശര്‍ക്കരയില്‍ വിഗ്രഹം നിര്‍മ്മിച്ചു എന്നുമാണ് പഴമ.
1200 പിടി അരി നിത്യവും നേദിക്കണമെന്ന് ചിട്ടയുണ്ടായത് 12000 സാള ഗ്രാമങ്ങള്‍കൊണ്ടു നിര്‍മ്മിച്ചതുകൊണ്ടാണെന്നാണ് പുരാവൃത്തം. ഇതിനുമുമ്പ് ഇലിപ്പമരത്തിന്‍റെ വിഗ്രഹമായിരുന്നു. കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ചാല്‍ തീപ്പിടുത്തത്തെ ചെറുക്കാനാകും.
ക്ഷേത്രത്തില്‍ കോതമാര്‍ത്താണ്ഡവര്‍മ്മന്‍റെ ശിലാശാസനമുണ്ട്. ക്ഷേത്രത്തിലെ നരസിംഹവും ശാസ്താവും പിന്നീടു പ്രതിഷ്ഠിക്കപ്പെട്ടതാണ്.
ഉത്സവം; പ്രതിഷ്ഠ; ഐതിഹ്യം
തുലാമാസത്തിലെ തിരുവോണം ആറാട്ടായി പത്തു ദിവസവും മീനത്തിലെ രോഹിണി കൊടികയറി പത്തു ദിവസവും വീതം രണ്ട് ഉത്സവങ്ങള്‍.
ആറാട്ട് ശംഖുമുഖം കടപ്പുറത്ത്. തന്ത്രം തരണനെല്ലൂര്‍. മൂന്നു പൂജ. ക്ഷേത്രത്തില്‍ സ്വര്‍ണ്ണം കെട്ടിയ ചിരട്ടയില്‍ മാങ്ങാനേദ്യം. വില്വമംഗലം മാവില്‍നിന്നും മാങ്ങ പറിച്ചു ചിരട്ടയില്‍ നേദിച്ചതിനു പ്രതീകമാണ് ഇതെന്ന് ഐതിഹ്യം.
കലിവര്‍ഷം 950-ല്‍ ദിവാകരമുനി എന്ന തുളു സന്യാസി അനന്തന്‍കാട്ടില്‍ പ്രതിഷ്ഠ നടത്തി എന്നും അതല്ല വില്വമംഗലം പ്രതിഷ്ഠ നടത്തിയതെന്നും രണ്ടുപേരും ഒരാള്‍ തന്നെയാണെന്നും ഐതിഹ്യങ്ങള്‍.
പഴയ ശാസനങ്ങളിലും റിക്കാര്‍ഡുകളിലും ആനന്ദപുരം എന്ന ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. കുമ്പളയ്ക്ക് കിഴക്കുഭാഗത്തുള്ള അനന്തപുരത്തും വില്വമംഗലമാണ് പ്രതിഷ്ഠ നടത്തിയതെന്നും അവിടെനിന്നാണ് തിരുവനന്തപുരത്തേക്ക് അദ്ദേഹം ജൈത്രയാത്ര തുടങ്ങിയതെന്നും ഒരു ഐതിഹ്യമുണ്ട്.
വില്വമംഗലം പ്രതിഷ്ഠ നടത്തിയ കലിദിനം ""നേരാമനുള്ളില്‍'' എന്നാണ് അഭിപ്രായം. കുമ്പള മുതല്‍ തിരുവനന്തപുരം വരെ ജൈത്രയാത്ര നടത്തിയ വില്വമംഗലം കേരളമൊട്ടുക്ക് നിരവധി വൈഷ്ണവപ്രതിഷ്ഠകള്‍ നടത്തി.
പൂജാരികള്‍
ക്ഷേത്രത്തിലെ പൂജാരികള്‍ പഴയ തുളുനാട്ടില്‍നിന്നുള്ളവരാണ്. ഇവിടെ പൂജാരിയായിക്കഴിഞ്ഞാല്‍ മറ്റു ക്ഷേത്രങ്ങളില്‍ പൂജിക്കരുതെന്നും നിബന്ധനയുണ്ട്. ക്ഷേത്രപൂജാരികളാകാന്‍ നമ്പി അവരോധമുണ്ട്. ഇത് വളരെ പ്രസിദ്ധമാണ്.
തൃശൂര്‍ നടുവില്‍ മഠത്തിലെയോ, മുഞ്ചിറ മഠത്തിലെയോ സ്വാമിയാരാണ്, ഓലക്കുടകൊടുത്ത് രണ്ടു വാള്‍നമ്പിമാരെയും അവരോധിക്കുക.
ഒന്നിടവിട്ട മാസങ്ങളില്‍ ഓരോ ഗ്രാമക്കാരും പെരിയനമ്പിയാകും. നമ്പിഅവരോധം കഴിഞ്ഞാല്‍ ആരെയും നമസ്കരിക്കരുത്. ഭഗവാനെപ്പോലും. പുതിയ വസ്ത്രം ഉടുക്കരുത്. ക്ഷേത്രവും സങ്കേതവും വിട്ടുപോകരുത് എന്ന് ചിട്ടകള്‍. പുറപ്പെടാശാന്തിയാണ്.
പരാന്തകപാണ്ഡ്യന്‍ ഈ ക്ഷേത്രത്തിലേക്ക് 12-ാം നൂറ്റാണ്ടില്‍ സ്വര്‍ണ്ണവിളക്കുകള്‍ നല്കിയത്രെ. പത്മനാഭാസ്വാമിക്ഷേത്രത്തില്‍ ഓരോ പ്രവൃത്തികള്‍ നിശ്ഛയിച്ചതും ആളുകളെ ഏര്‍പ്പെടുത്തിയതും ചേരമാന്‍ പെരുമാളാണെന്ന് മറ്റൊരു വിശ്വാസമുണ്ട്.
ചരിത്ര ം
കൊല്ലവര്‍ഷം 225-ല്‍ (എ.ഡി. 1050) തൃപ്പാപ്പൂര്‍ മൂപ്പില്‍പെട്ട രാജാവാണ് ക്ഷേത്രം പുതുക്കിപ്പണിയിച്ചതും യോഗക്കാരുള്‍പ്പെട്ട ഭരണഘടനയെ പരിഷ്കരിച്ചതും. 13-ാം നൂറ്റാണ്ടില്‍ ഉണ്ടായിട്ടുള്ളതെന്നു കരുതുന്ന "അനന്തപുരവര്‍ണ്ണനം' എന്ന ഗ്രന്ഥത്തില്‍ അനന്തപുരക്ഷേത്രത്തെക്കുറിച്ചുള്ള പഴയ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
എ.ഡി. 1461-ല്‍ ക്ഷേത്രം പുതുക്കി പണിതീരുന്നു. പിന്നീട് യോഗക്കാരുടെ ഉരസല്‍ മൂലമോ, എട്ടുവീട്ടില്‍ പിള്ളമാരുടെ വിലസല്‍മൂലമോ ആദിത്യവര്‍മ്മന്‍റെ കാലത്ത് (1673-1677) ക്ഷേത്രം അഞ്ചുവര്‍ഷത്തോളം പൂജയില്ലാതെ പൂട്ടിയിട്ടു. ഉമയമ്മറാണിയാണ് 1677-ല്‍ ക്ഷേത്രം തുറപ്പിച്ച് എഴുന്നുള്ളിപ്പ് നടത്തിയത്. 1686-ല്‍ തീപ്പിടുത്തത്തില്‍ ക്ഷേത്രം വെന്തു വെണ്ണീറാകുകയും ചെയ്തു. 38 വര്‍ഷങ്ങള്‍ക്കുശേഷം 1724-ലാണ് പിന്നീട് ക്ഷേത്രംപണി ആരംഭിച്ചത്. 1728-ലായിരുന്നു ദാനപ്രായശ്ഛിത്തം.
അതിനടുത്ത വര്‍ഷമാണ് (1729-ല്‍) പ്രസിദ്ധനായ മാര്‍ത്താണ്ഡവര്‍മ്മ സിംഹാസനാരോഹണം ചെയ്യുന്നത്. 1731-ല്‍ ക്ഷേത്രം പണി പൂര്‍ത്തിയായി. ആ സമയത്താണ് ഇപ്പോഴത്തെ അനന്തപത്മനാഭന്‍ പ്രതിഷ്ഠിക്കപ്പെട്ടത്. ശ്രീബലിപ്പുര പണിയാന്‍ നാലായിരം കല്ലാശാരിമാരും , ആറായിരം കൂലിക്കാരും, 100 ആനകളും ഏഴുമാസം പണിയെടുത്തു എന്നാണ് കണക്ക്. 1566-ല്‍ അടിസ്ഥാനമിട്ട കിഴക്കെ ഗോപുരവും മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് അഞ്ചുനിലവരെ പണിതുയര്‍ത്തിയത്.
1729 മുതല്‍ 1758 വരെ വാണ തിരുവിതാംകൂറിന്‍റെ ശില്പി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്‍ദ്ദേശമനുസരിച്ച് 1736-ല്‍ പള്ളിയാടി കണക്കുമല്ലന്‍ ശങ്കരന്‍ കണ്ടെഴുത്തു നടത്തി. ഈ കണ്ടെഴുത്തോടെയാണ് യോഗക്കാരായ പോറ്റിമാര്‍ക്ക് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അധികാരം നഷ്ടപ്പെട്ടതെന്നു കരുതുന്നു.
1923 മകരം 5-ന് രാജ്യം പത്മനാഭന് തൃപ്പടിദാനം ചെയ്തു. ദാനപ്രമാണവും ഉടവാളും ക്ഷേത്രത്തിന്‍റെ തൃപ്പടിയില്‍ വെച്ചു. അതിനുശേഷം ഉടവാളെടുത്ത് പത്മനാഭദാസന്‍ എന്ന സ്ഥാനപ്പേരോടെയാണ് മാര്‍ത്താണ്ഡവര്‍മ്മ രാജഭരണം തുടങ്ങിയത്. പാപപരിഹാരത്തിനും, ഈശ്വാരനുഗ്രഹത്തിനും വേണ്ടിയായിരുന്നു തൃപ്പടിദാനം.
ഭദ്രദീപവും മുറജപവു ം
എട്ടുവീട്ടില്‍ പിള്ളമാരെയും മാടമ്പിമാരെയും വധിക്കുകയും രാജ്യവിസ്തൃതി കൂട്ടാന്‍ നടത്തിയ യുദ്ധങ്ങളില്‍ നിരവധിപേര്‍ മരിക്കുകയും ചെയ്ത പാപപരിഹാരത്തിനുവേണ്ടിയാണ് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ നടത്തിയ ഭദ്രദീപവും വൈദികസമൂഹം ഐശ്വര്യവര്‍ദ്ധനയ്ക്ക് നിര്‍ദ്ദേശിച്ച മുറജപവും ക്ഷേത്രത്തില്‍ നടത്തിയിരുന്നത്. ഇതുവരെ ആകെ 37മുറജപങ്ങള്‍ നടന്നിട്ടുണ്ട്. ഇതുവരെ ആകെ 37മുറജപങ്ങള്‍ നടന്നിട്ടുണ്ട്. അവസാനത്തെ മുറജപം 1177-ല്‍ നടത്തി.
മലബാര്‍, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്നും വന്ന പണ്ഡിതന്മാരുടെ 919 ലെ പരിഷത്ത് യോഗം ചര്‍ച്ച ചെയ്തു തയ്യാറാക്കിയതാണ് ഈ ഈശ്വരസേവാപദ്ധതി.
ഏഴു ദിവസത്തെ പൂര്‍വ്വക്രിയകള്‍ നടത്തി മകരം ഒന്നിന് ഭദ്രദീപം കൊളുത്തി നിത്യ പൂജകള്‍ നടത്തി കര്‍ക്കിടകം ഒന്നിന് ഭദ്രദീപച്ചടങ്ങ് ആവര്‍ത്തിക്കണം. തുടര്‍ച്ചയായി അഞ്ചു സംവത്സരം നടത്തി ഭദ്രദീപത്തിന്‍റെ അവസാനത്തെ ചടങ്ങായി ആറാംകൊല്ലം മുറജപം എന്നാണ് ശുപാര്‍ശ ചെയ്തിരുന്നത്.
ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കൊടിമരമാണ്. 962 മകരത്തിലാണ് പുതിയ സ്വര്‍ണ്ണധ്വജം സ്ഥാപിച്ചത്. 961 മീനം 25-ന് ഉണ്ടായ കൊടുങ്കാറ്റില്‍ പഴയ കൊടിമരം ചാഞ്ഞതിനെതുടര്‍ന്നാണ് പുതിയ ധ്വജം സ്ഥാപിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റേതാണ് ക്ഷേത്രം.