ഓണമല്ലേ, നാട്ടിലൊക്കെ ഒന്നുപോയിവരാം എന്ന് ചെന്നൈയിലുള്ള മലയാളി ആഗ്രഹിച്ചുപോയാല്‍, അത് പോക്കറ്റ് കീറുന്ന ഒരാഗ്രഹമാണെന്നേ പറയാനാകൂ. കാരണം ബസിലോ ട്രെയിനിലോ യാത്ര പോകാന്‍ തീരുമാനിച്ചാല്‍ ആയിരങ്ങള്‍ കണ്‍മുന്നില്‍ കൂടി ഒഴുകിപ്പോകുന്നത് കാണേണ്ടിവരും.
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ചാകരക്കാലമാണ് ഓണം. യാത്രക്കാരെ പിഴിഞ്ഞാണ് ഇവര്‍ ചാര്‍ജ്ജ് ഈടാക്കുന്നത്. ഇത്തവണയും വ്യത്യസ്തമല്ല കാര്യങ്ങള്‍. ബസില്‍ നിരക്ക് 2500 രൂപ വരെയാണ് ഇപ്പോള്‍.
ഒന്നോ രണ്ടോ ബസുകളാണ് 1500ല്‍ താഴെ ചാര്‍ജ്ജ് ഈടാക്കുന്നത്. അവയിലെ ടിക്കറ്റുകള്‍ വിറ്റുതീരുകയും ചെയ്തു. എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിയാണ് സ്വകാര്യ ബസുടമകള്‍ ഓണക്കാലത്ത് കൊള്ളത്തുക ഈടാക്കുന്നത്. സാധാരണക്കാരന്‍ മലയാളി ഓണം ചെന്നൈയില്‍ തന്നെ മതിയെന്ന് തീരുമാനിച്ചാല്‍ കുറ്റം പറയാനാവില്ല.
ഇനി ട്രെയിനിന്‍റെ കാര്യം നോക്കിയാലോ? അടിസ്ഥാന നിരക്കിന്‍റെ മൂന്നിരട്ടിയിലേറെ നല്‍കി വേണം സുവിധ സ്പെഷ്യല്‍ ട്രെയിനിന്‍റെ സ്ലീപ്പര്‍ ക്ലാസില്‍ കടന്നുകൂടാന്‍. 350 രൂപയാണ് അടിസ്ഥാന നിരക്ക്. സുവിധയില്‍ സ്ലീപ്പറിന് 1190 ആണ് തുക.
തേര്‍ഡ് എസിയോ സെക്കന്‍ഡ് എസിയോ വേണമെന്നുണ്ടോ? തേര്‍ഡ് എസിക്ക് 2645 രൂപ, സെക്കന്‍ഡ് എസിക്ക് 3730 രൂപ എന്നിങ്ങനെയാണ് ചാര്‍ജ്ജ്.
ഇതിലും നല്ലത് ഫ്ലൈറ്റിന് പോകുന്നതാണെന്ന് കാശുള്ളവന് ചിന്തിക്കാം. കാശില്ലാത്തവര്‍ ചെന്നൈയില്‍ തന്നെ മാവേലി മന്നനെ വരവേല്‍ക്കാമെന്ന് ആലോചിക്കുകയേ തരമുള്ളൂ.