വെള്ളിനേട്ടക്കാരി മരുന്നടിച്ചു

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2008 (17:24 IST)
PROPRO
ഹെപ്റ്റാപ്ത്‌ലണിലെ വെള്ളിമെഡല്‍ നേട്ടക്കാരി ലിയുഡമിലാ ബ്ലോണ്‍സ്കാ ഉത്തേജക മരുന്നടിക്ക് പിടിക്കപ്പെട്ടു. പ്രാഥമിക പരിശോധനയിലാണ് ബ്ലോണ്‍സ്കയുടെ മൂത്ര സാമ്പിളില്‍ മരുന്നിന്‍റെ അംശം കണ്ടെത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് താരം നിരോധിത മരുന്ന് ഉപയോഗിച്ചതിനു പിടിയിലാകുന്നത്.

ബ്ലോണ്‍സ്കയുടെ ബി സാമ്പിള്‍ പരിശോധന കൂടി പോസിറ്റീവായാല്‍ 24 മണിക്കൂറിനുള്ളില്‍ ബീജിംഗ് ഒളിമ്പിക്‍സില്‍ നിന്നും ഉടന്‍ തന്നെ പുറത്താക്കും. ഉക്രയിന്‍ താരങ്ങള്‍ സ്വര്‍ണ്ണവും വെള്ളിയും കരസ്ഥമാക്കിയ മത്സരത്തില്‍ നതാലിയാ ഡോബ്ര്യോണ്‍സ്ക്കയ്ക്ക് പിന്നില്‍ രണ്ടാമതായിട്ടായിരുന്നു ബ്ലോണ്‍സ്ക എത്തിയത്.

അമേരിക്കയുടെ ഹൈലീസ് ഫൌണ്ടന്‍ നാലാമതും റഷ്യയുടെ തത്യാന ചെര്‍ണോവ അഞ്ചാമതും ആയി. മുപ്പതുകാരി ബ്ലോണ്‍സ്കയുടെ കാര്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അച്ചടക്ക നടപടികള്‍ ആലോചിക്കുകയാണ്.

ബീജിംഗില്‍ ഉത്തേജക മരുന്നടിക്ക് പിടിയിലാകുന്ന അഞ്ചാമത്തെ താരമാണ് ബ്ലോണ്‍സ്ക. സ്പാനിഷ് സൈക്ലിംഗ് താരം മരിയാ ഇസബെല്‍ മൊറാനോ, വടക്കന്‍ കൊറിയയുടെ ഷൂട്ടിംഗ് താരം കിംഗ് ജോംഗ് സൂ, വിയറ്റ്‌നാം ജിംനാസ്റ്റിക്‍സ് ഡൊ തി ഗ്യാന്‍, ഗ്രീക്ക് അത്‌ലറ്റ് ഫാനി ഗാല്‍കിയ എന്നിവരാണ് ബീജിംഗില്‍ നിന്നും നേരത്തേ പുറത്തായവര്‍.