വില്യംസ് സഹോദരിമാര്‍ മുന്നോട്ട്

Webdunia
ചൊവ്വ, 12 ഓഗസ്റ്റ് 2008 (14:55 IST)
PTIPRO
ടെന്നീസില്‍ കരുത്തിന്‍റെ പ്രതീകമായ വില്യംസ് സഹോദരിമാര്‍ ഒളിമ്പിക്‍സിലും വെന്നിക്കൊടി പാറിക്കുന്നു. വനിതാ സിംഗിള്‍സില്‍ രണ്ടു പേരും മൂന്നാം റൌണ്ടിലേക്ക് കടന്നിരിക്കുകയാണ്.

രണ്ടാം റൌണ്ടില്‍ നാലാം സീഡായ സറീനാ വില്യംസ് ഓസ്ട്രേലിയന്‍ താരം സാമന്താ സ്റ്റോറസിനെയാണ് കീഴടക്കി. വീനസ് സാനിയാ മിര്‍സയെ വീഴ്ത്തി രണ്ടാം റൌണ്ടില്‍ കടന്ന ഇവേതാ ബെണസോവയെയാണ് കീഴടക്കിയത്.

സറീനയുടെ വിജയം കേവലം 44 മിനിറ്റിലായിരുന്നു. എതിരാളിക്കെതിരെ കരുത്തുറ്റ പ്രകടനം കാഴ്ച വച്ച സറീന 3-2 ന് മുന്നില്‍ നില്‍ക്കുമ്പോള്‍ സ്റ്റോറസ് മത്സരം ഉപേക്ഷിക്കുക ആയിരുന്നു.

ഫ്രഞ്ച് താരം അലീസാ കോര്‍നെറ്റാണ് സറീനയുടെ അടുത്ത എതിരാളി. ചൈനീസ് താരം പെംഗ് ഷൂയിയെ 6-2, 6-2 നു പരാജയപ്പെടുത്തിയാണ് അലീസാ കോര്‍നെറ്റ് മൂന്നാം റൌണ്ടിലേക്ക് കടന്നത്.

ചെക്ക് റിപ്പബ്ലിക്ക് താരം ബെണസോവയ്‌ക്കെതിരെ ഉജ്വല പ്രകടനം കാഴ്ച വച്ച വീനസ് 6-1, 6-4 സ്കോറിനായിരുന്നു വിജയം നേടിയത്. റഷ്യന്‍ താരം ദിനാറാ സാഫിന സ്പാനിഷ് താരം മരിയാ ജോസ് മാര്‍ട്ടീനെസ് സാഞ്ചെസിനെയും സ്ലോവാക്യന്‍ താരം ഡൊമിനികാ സിബുള്‍ക്കോവ സ്വേതന പിരാങ്കൊവയേയും പരാജയപ്പെടുത്തി.

ഒളിമ്പിക്‍സില്‍ നിന്നും പുറത്തായ മുന്‍ നിര സീഡുകള്‍ ദാനിയേല ഹെന്‍റുക്കോവ, അഗ്നിയാസ്ക്ക റാഡ്വാന്‍‌സ്ക്ക എന്നിവരായിരുന്നു. ഹെന്‍റുക്കോവ 6-1, 6-3 എന്ന സ്കോറിന് ഡാനിഷ് താരം കരോലിനാ വൊസിനെക്കിയെ പരാജയപ്പെടുത്തിയപ്പോള്‍ റാഡ്വാന്‍സ്ക്ക ഷിയാവോണയോട് 6-3, 7-6 നാണ് പരാജയം രുചിച്ചത്.

പുരുഷ ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന് മൂന്നാം റൌണ്ടില്‍ ലെയ്ട്ടന്‍ ഹ്യുവിറ്റാണ് എതിരാളിയാകുന്നത്. രണ്ടാം നമ്പര്‍ റോജര്‍ ഫെഡറര്‍ക്ക് എതിരാളി എല്‍ സല്വദോറിന്‍റെ റാഫേല്‍ അരെവാലോയ്ക്ക് എതിരെയാണ്.