റഷ്യ കസക്കിസ്ഥാനെ പരാജയപ്പെടുത്തി

Webdunia
ബുധന്‍, 13 ഓഗസ്റ്റ് 2008 (15:32 IST)
PROPRO
ഒളിമ്പിക്‍സ് വനിതാ വോളിബോളില്‍ കരുത്തരായ ബ്രസീലും ഇറ്റലി ഗംഭീര വിജയങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട റഷ്യ മൂന്നാമത്തെ മത്സരം വരുതിയിലാക്കി. കസഖിസ്ഥാനെ തകര്‍ത്തായിരുന്നു റഷ്യ മത്സരത്തിലെ ആദ്യ വിജയം കണ്ടെത്തിയത്. ബ്രസീല്‍ സെര്‍ബിയയെ കെട്ടുകെട്ടിച്ചു.

ആദ്യ രണ്ട് മത്സരത്തില്‍ വന്‍ പരാജയമായ റഷ്യ മൂന്നാമത്തെ മത്സരത്തില്‍ വിജയത്തിന്‍റെ വഴിയില്‍ എത്തി. വനിതാ വോളിബോളില്‍ കസഖിസ്ഥാനെയാണ് റഷ്യ തകര്‍ത്ത് വിട്ടത്. 1-2 ന് തുടര്‍ച്ചയായി രണ്ട് സെറ്റുകളില്‍ തിരിച്ചടിച്ചായിരുന്നു റഷ്യ വിജയം കണ്ടെത്തിയത്. 25-19, 25-18, 25-11 എന്ന സ്കോറിനായിരുന്നു ജയം.

പൂള്‍ എ യില്‍ ബ്രസീലിനോടും ഇറ്റലിയോടും പരാജയപ്പെട്ട റഷ്യ മൂന്നാമത്തെ മത്സരം ജയിക്കാന്‍ ഉറച്ചു തന്നെ ആയിരുന്നു. ലോക ഒന്നാം നമ്പറായ ബ്രസീലിനെതിരെയാണ് റഷ്യയുടെ അടുത്ത മത്സരം. ഒരു സെറ്റ് പോലും ഇതുവരെ എതിരാളികള്‍ക്ക് വിട്ടു കൊടുക്കാതെ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരിക്കുന്ന ബ്രസീല്‍ 25-15, 25-13, 25-23 എന്ന സ്കോറിനായിരുന്നു ജയിച്ചു കയറിയത്. ഇറ്റലിയും അജയ്യരായി തുടരുകയാണ്. അള്‍ജീരിയയെ അവര്‍ തോല്‍പ്പിച്ചു.

ക്യൂബയോട് തിരിച്ചടിയേറ്റ അമേരിക്ക ലാറ്റിനമേരിക്കന്‍ ടീമായ വെനസ്വേലയെ പരാജയപ്പെടുത്തി. 25-17, 20-25, 25-14, 25-18 എന്ന സ്കോറിനായിരുന്നു പൂള്‍ ഏയിലെ മത്സരം ജയിച്ചത്. അടുത്ത മത്സരത്തിലും ജയിക്കാമെന്ന തന്നെയാണ് അമേരിക്ക കരുതുന്നത്. ആഗസ്റ്റ് 15 ന് ചൈനയ്‌ക്കെതിരെയാണ് മത്സരം. വെനസ്വേല പോളണ്ടിനെ നേരിടും.