രാജീവ് തൊമാറിനു തോല്‍‌വി

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2008 (11:06 IST)
ബുധനാഴ്ച മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ താരങ്ങളായ സുശീല്‍ കുമാറിന്‍റെയോ വിജേന്ദര്‍ കുമാറിന്‍റെയോ ആവേശം ഗുസ്തി താരം രാജീവ് തൊമാറിനു ഏറ്റുവാങ്ങാനായില്ല. ഇന്ത്യയ്‌ക്കായി ബീജിംഗില്‍ വൈകി മത്സരത്തിന് ഇറങ്ങിയ രാജീവ് തോമാര്‍ 120 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടു.

അമേരിക്കന്‍ താരം സ്റ്റീവ് മോക്കോയോടായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ പരാജയം. അമേരിക്കന്‍ എതിരാളിക്കെതിരെ ആദ്യ രണ്ട് റൌണ്ടില്‍ ഒരു പോയിന്‍റ് പോലും കരസ്ഥമാക്കാനാകാതെ ആണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.

ഒന്നാം റൌണ്ടില്‍ തന്നെ ഒരു പോയിന്‍റ് കരസ്ഥമാക്കിയ അമേരിക്കന്‍ എതിരാളി രണ്ടാംറൌണ്ടില്‍ മൂന്ന് പോയിന്‍റുകള്‍ കൂടി നേടി. ആദ്യ റൌണ്ടില്‍ പരാജയപ്പെട്ടതു മൂലം റീ പെ ചേജ് റൌണ്ടിലെ ഫലങ്ങളിലേക്ക് കണ്ണും നട്ടിരിക്കേണ്ട ഗതിയാണ് ഇന്ത്യന്‍ താരത്തിന്.റീ പെ ചേജ് റൌണ്ടിലും കാര്യങ്ങള്‍ പ്രതികൂലമായാല്‍ ഇന്ത്യന്‍ താരം പുറത്താകും.

സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിലെ വിജയമായിരുന്നു രാജീവിനെ ബീജിംഗിലേക്ക് എത്തിച്ചത്. ഫൈനലില്‍ ഡേവിഡ് മസുബള്‍സിനോട് പരാജയപ്പെട്ട ശേഷം ഇന്ത്യന്‍ താരം ഒന്നില്‍ നിന്നും തുടങ്ങുക ആയിരുന്നു.

സൈക്ലിംഗിലും തുഴച്ചിലിലും ഓരോ ഹീറ്റ്സിലെയും റണ്ണര്‍ അപ്പ് മാരെ വച്ച് നടത്തുന്ന അവസാനത്തെ ഹീറ്റ്സാണ് റീ പെ ചേജ്. എന്നാല്‍ ഗുസ്തിയിലും മറ്റും റീ പെ ചേജ് വേറൊരു തരത്തിലാണ് നടത്തുക. ഫൈനലില്‍ എത്തിയ രണ്ട് ഗുസ്തിക്കാരോട് തോറ്റ നാലു പേര്‍ മത്സരിച്ച് അവയില്‍ വിജയികള്‍ രണ്ട് പേര്‍ മൂന്നാം സമ്മാനം പങ്കിടുന്നു.