ഫെഡറര്‍ മെഡല്‍ ഉറപ്പാക്കി

Webdunia
ശനി, 16 ഓഗസ്റ്റ് 2008 (13:59 IST)
PROPRO
സിംഗിള്‍സില്‍ പ്രതീക്ഷിച്ച മികവ് പുലര്‍ത്താനായില്ലെങ്കിലും ടെന്നീസില്‍ ഒളിമ്പിക്‍സ് മെഡല്‍ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ അവസരം ഒരുങ്ങുകയാണ് ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ക്ക്.

ഫെഡററും സ്റ്റാനിസ്ലാസ് വാവ്‌‌റി‌‌ങ്കയും ഉള്‍പ്പെട്ട സ്വിറ്റ്സര്‍ലന്‍ഡിന്‍റെ ടെന്നീസ് ഡബിള്‍സ് ടീം പുരുഷവിഭാഗം ഫൈനലില്‍ കടന്നിരിക്കുകയാണ്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ അമേരിക്കയുടെ ഒന്നാം സീഡുകളായ ബോബ് മൈക്ക് ബ്രയാന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്. 6-2, 6-4 എന്നതായിരുന്നു സ്കോര്‍.

സിംഗിള്‍സില്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍റെ രണ്ട് താരങ്ങളും നേരത്തെ പരാജയം രുചിച്ചിരുന്നു. ഫൈനലില്‍ ഫെഡറര്‍-വാവ്‌റിങ്ക സഖ്യത്തിനു എതിരാളികള്‍ ആകുന്നത് സ്വീഡിഷ് താരങ്ങളായ ജോഹാന്‍സണ്‍-ആസ്പെലിന്‍ സഖ്യമാണ്.

ഹ്രഞ്ച് സഖ്യമായ മൈക്കല്‍ ലോര്‍ദ-ആര്‍നോള്‍ഡ് ക്ലെമന്‍റ് സഖ്യത്തെ ഒളിമ്പിക്‍സ് ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട മത്സരത്തില്‍ ഒന്നില്‍ മൂന്ന് സെറ്റില്‍ ജോഹാന്‍സണ്‍-ആസ്പെലിന്‍ സഖ്യം കീഴടക്കി. 7-6 (8/6), 4-6, 19-17 എന്ന സ്കോറിനു നാല് മണിക്കൂറും 46 മിനിറ്റുമാണ് മത്സരം നീണ്ടത്. ടൈബ്രേക്കര്‍ ഉള്‍പ്പടെ 59 ഗെയിമുകള്‍ കളിച്ചു.

ഓസ്ട്രേലിയന്‍ ഡബിള്‍സായ വുഡ്ബ്രിഡ്ജ് സഹോദരങ്ങള്‍ ഡച്ച് സഖ്യമായ ജാക്കോ എല്‍റ്റിംഗ്-പോള്‍ ഹാരീസ് സഖ്യത്തിനെതിരെ 1996 അറ്റ്‌ലാന്‍റാ ഒളിമ്പിക്സ് സെമിയില്‍ കളിച്ച 54 ഗെയിമായിരുന്നു ഇതിനു മുമ്പത്തെ റെക്കോഡ്. വനിതകളുടെ ഡബിള്‍സില്‍ ഉക്രയിന്‍ താരങ്ങളായ അലോണ-കാതറീനാ സഖ്യം സെമിയില്‍ എത്തി.

ഇറ്റാലിയന്‍ സഖ്യമായ ഫ്ലാവിയാ പെന്നെറ്റ ഫ്രാന്‍സിസ്ക്കാ ഷിയാവോണ സഖ്യത്തെ 6-1, 3-6, 7-5 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നത്. സെമിയില്‍ അമേരിക്കയുടെ വീനസ്-സറീന സഹോദരങ്ങളോടാണ് ഉക്രയിന്‍ സഹോദരിമാരായ അലോണ കാതറീനാ ബൊണ്ടാരെങ്കോ സഹോദരിമാരുടെ മത്സരം. റഷ്യയുടെ സഹോദരിമാരായ എലന വെസ്നിന-വേര സ്വനരേവ സഖ്യത്തെയാണ് വീനസ്-സറീന 6-4, 6-0 എന്ന സ്കോറിനായിരുന്നു ജയം.