ഫുട്ബോള്‍: ക്ലാസ്സിക് പോരാട്ടം

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2008 (11:11 IST)
PROPTI
ഫുട്ബോളിന്‍റെ ഏറ്റവും വലിയ വേദിയായ ലോകകപ്പ് പോലും കാണാത്ത ക്ലാസ്സിക് പോരാട്ടമാണ് ഒളിമ്പിക്‍സ് ഫുട്ബോളില്‍ ചൊവ്വാഴ്ച അരങ്ങേറുക. ചന്തമേറിയ സോക്കര്‍ കളിക്കുന്ന ലോക ഫുട്ബോളിലെ കലാകാരന്‍‌മാരായ ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലും അര്‍ജന്‍റീനയും തമ്മിലാണ് ഒളിമ്പിക്സ് സെമിയില്‍ ഏറ്റുമുട്ടുക.

രണ്ടാം സെമിയില്‍ ആഫ്രിക്കന്‍ കരുത്തന്‍മാരായ കാമറൂണ്‍ ഓറഞ്ച് പടയായ നെതര്‍ലണ്ടിനെ നേരിടും. മികച്ച ഫുട്ബോളര്‍മാരായ ലയണേല്‍ മെസ്സിയും റൊണാള്‍ഡീഞ്ഞോയും നേര്‍ക്ക് നേര്‍ വരുന്ന മത്സരം കൂടിയാണ് ഇത്. കഴിഞ്ഞ തവണ സ്വര്‍ണ്ണം നേടിയ അര്‍ജന്‍റീന അത് നിലനിര്‍ത്താന്‍ ആഗ്രഹിക്കുമ്പോള്‍ ആദ്യ സ്വര്‍ണ്ണത്തിലേക്ക് ഉയരാനാണ് ബ്രസീലിയന്‍ ടീമിന്‍റെ ആഗ്രഹം. രണ്ട് തവണ ഫൈനലില്‍ വന്നെങ്കിലും അപ്പോഴെല്ലാം ബ്രസീല്‍ രണ്ടാമതായിരുന്നു.

ഇത്തവണ സ്വര്‍ണ്ണം ലക്‍‌ഷ്യമിട്ടു വന്നിരിക്കുന്ന ബ്രസീല്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും ഗോള്‍ വഴങ്ങിയിട്ടില്ല. വളരെ ശക്തമായ മത്സരം നേരിട്ട ശേഷമായിരുന്നു ബ്രസീല്‍ സെമിഫൈനല്‍ മത്സരത്തിലേക്ക് ചുവടു വച്ചത്. ബല്‍ജിയം ന്യുസിലാന്‍ഡ്, ചൈന്‍, കാമറൂണ്‍ എന്നീ രാജ്യങ്ങളെയാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്.

അതേ സമയം ബ്രസീലിന്‍റെ വനിതാ ടീം ഫൈനലിലേക്ക് കടന്നു. സെമി ഫൈനലില്‍ അവര്‍ പരാജയപ്പെടുത്തിയത് ലോക ചാമ്പ്യന്‍‌മാരായ ജര്‍മ്മനിയെ 4-1 നായിരുന്നു. ജപ്പാനെ പരാജയപ്പെടുത്തിയാണ് അമേരിക്ക ഫൈനലില്‍ കടന്നത്. ജപ്പാനും അമേരിക്കയും തമ്മിലുള്ള മത്സരം 4-2 ന് അവസാനിക്കുക ആയിരുന്നു.