ഡു ലിയ്‌ക്ക് റെക്കോഡോടെ സ്വര്‍ണ്ണം

Webdunia
വ്യാഴം, 14 ഓഗസ്റ്റ് 2008 (14:28 IST)
PROPRO
അല്പം താമസിച്ചെങ്കിലും ചൈനയുടെ ഷൂട്ടിംഗ് വനിതാ ലോകചാമ്പ്യന്‍ ഡു ലി ഒളിമ്പിക്‍സ് സ്വര്‍ണ്ണം കണ്ടെത്തി. 50 മീറ്റര്‍ എയര്‍ റഫിള്‍സ് ഇവന്‍റിലെ മൂന്ന് പൊസിഷനിലും സ്വര്‍ണ്ണ മെഡല്‍ കണ്ടെത്തുക ആയിരുന്നു ചൈനീസ് താരം.

ചെക്ക് താരം കാതെറീന എമ്മോണ്‍സിനെയും ക്യൂബന്‍ താരം ഏജിസ് യൈമാ ക്രൂസിനെയും പിന്നിലാക്കിയായിരുന്നു ഡു ലി സ്വര്‍ണ്ണത്തിലേക്ക് ഉയര്‍ന്നത്. 690.3 എന്ന സ്കോര്‍ സമ്പാദിച്ചായിരുന്നു ഡു സ്വര്‍ണ്ണം കണ്ടെത്തിയത്.

നേരത്തെ ശനിയാഴ്ച നടന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്തായിപ്പോയ ഡു ലിയെ കടന്ന് ചെക്ക് താരം കാതറീന സ്വര്‍ണ്ണമണിഞ്ഞിരുന്നു. 687.7 പോയിന്‍റു നേടിയ കാതറീന വെള്ളി നേടി.

ബീജിംഗില്‍ ഷൂട്ടിംഗില്‍ രണ്ടാം മെഡല്‍ കണ്ടെത്തിയ കാതറീനയ്‌ക്ക് പിന്നില്‍ 687.6 പോയിന്‍റുള്ള ക്യൂബന്‍ താരം ഏജിസ് യൈമാ ക്രൂസാണ് വെങ്കല ജേതാവ്. അവസാന നിമിഷത്തിലാണ് ക്രൂസ് പിന്നിലായത്.

യോഗ്യതാ റൌണ്ടില്‍ തന്നെ ഒളിമ്പിക് റെക്കോഡായ 589 പോയിന്‍റില്‍ ഡു ലി എത്തിയിരുന്നു. ഫൈനല്‍ റൌണ്ടില്‍ 1996 ല്‍ പോളണ്ട്താരം മൌര്‍ റെനേട്ടയും 2004 ല്‍ റഷ്യന്‍താരം ലിയബോവ് ഗോള്‍ഖിനയും സ്ഥാപിച്ച റെക്കോഡുകളാണ് മറികടന്നത്.