ചൈനയ്‌ക്ക് ആദ്യ നീന്തല്‍റെക്കോഡ്

Webdunia
വ്യാഴം, 14 ഓഗസ്റ്റ് 2008 (11:07 IST)
PROPRO
ഒളിമ്പിക്‍സിലെ കരയ്‌ക്കുള്ള ഇനങ്ങളില്‍ അജയ്യരായി തുടരുന്ന ആതിഥേയര്‍ക്ക് നീന്തല്‍ കുളത്തില്‍ നിന്നും ലഭിച്ച ആദ്യ സ്വര്‍ണ്ണം ലോകറെക്കോഡോടെ. ബീജിംഗ് ഒളിമ്പിക്‍സില്‍ വ്യാഴാഴ്ച നടന്ന 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ മത്സരത്തില്‍ ചൈനയുടെ വനിതാതാരം ലിയു സീജാണ് ചൈനയ്ക്ക് കുളത്തില്‍ നിന്നുള്ള ആദ്യ സ്വര്‍ണ്ണവും റെക്കോഡും ന്നല്‍കിയത്.

നാഷണല്‍ അക്വാറ്റിക് സെന്‍ററില്‍ നിറഞ്ഞു കവിഞ്ഞ നാട്ടുകാരെ സാക്ഷിയാക്കി 2:04.18 സമയത്തിലായിരുന്നു ലിയു ലോക റെക്കോഡോടെ സ്വര്‍ണ്ണം നേടിയത്. ഏഷ്യന്‍ റെക്കോഡായ 2:06.25 സമയത്തിലായിരുന്നു ലിയുസീജ് ഫൈനലിലേക്ക് യോഗ്യത കണ്ടെത്തിയത് തന്നെ. ലിയുവിന് പിന്നാലെ ആതിഥേയര്‍ക്ക് ഇരട്ട സന്തോഷമാണ് നീന്തലില്‍ ലഭിച്ചത്.

വെള്ളി മെഡലിന് അര്‍ഹയായതും അവരുടെ സ്വന്തം താരമായ ജിയാവോ ലിയുയാംഗ് ആയിരുന്നു. 2:04.72 എന്നതായിരുന്നു ജിയാവോയുടെ സമയം. ഓസ്ട്രേലിയന്‍ താരം ജസീക്കാ ഷിപ്പര്‍ 1.12 സെക്കന്‍ഡ് വ്യത്യാസത്തില്‍ വെങ്കല മെഡലിനു അര്‍ഹയായപ്പോള്‍ പഴയ സ്വര്‍ണ്ണ നേട്ടക്കാരി ഒട്ടീലിയ യെഡ്രെസെസാക്ക് നാലാം സ്ഥാനത്തേക്ക് വഴുതിപ്പോയി.