ഒഹിറോഗുവിനു മധുര പ്രതികാരം

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2008 (14:54 IST)
PROPRO
ഉത്തേജക മരുന്നിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക്. നാട്ടുകാരുടെ പരിഹാസം. എന്നാല്‍ ബ്രിട്ടീഷ് താരം ക്രിസ്റ്റീന ഒഹിറോഗു ഇതിനെയെല്ലാം അതിജീവിച്ചത് മനക്കരുത്ത് കൊണ്ടായിരുന്നു. ഈ മനക്കരുത്ത് തന്നെ ബീജിംഗിലും തുണയായപ്പോള്‍ താരത്തെ തേടിവന്നത് ഒളിമ്പിക് സ്വര്‍ണ്ണം. ബ്രിട്ടന്‍ കാത്തു കാത്തിരുന്ന സ്വര്‍ണ്ണം.

ബീജിംഗ് ഒളിമ്പിക്‍സില്‍ 400 മീറ്ററില്‍ ആയിരുന്നു ഒഹിറോഗുവിന്‍റെ സ്വര്‍ണ്ണം. 49.62 സെക്കന്‍ഡുകള്‍ എടുത്ത് ആണ് ഒഹിറോഗു സ്വര്‍ണ്ണം നേടിയത്. ജമൈക്കയുടെ ഷെരികാ വില്യംസിനെയും അമേരിക്കന്‍ സാന്യാ റിച്ചാര്‍ഡ്സിനെയും പിന്നിലാക്കി. നിയമത്തിന്‍റെ സഹായത്തോടെ ആണ് താരം ഒളിമ്പിക്‍സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.

ലോക കിരീടത്തോടൊപ്പം ഒളിമ്പിക്സ് കിരീടവും ഇതോടെ ഒഹിറോഗുവിന് ഒപ്പമായി. ഒളിമ്പിക്സിലെ 400 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ബ്രിട്ടീഷുകാരിയാണ് ഒഹുറോഗു.

അമേരിക്കന്‍ താരം ഷെരികാ വില്യംസ് 49.69 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അമേരിക്കയുടെ മെഡല്‍ പ്രതീക്ഷ സാന്യാ റിച്ചാര്‍ഡ്സ് വെങ്കലത്തിന് അര്‍ഹയായത് 49.93 സെക്കന്‍ഡിലാണ്. ഹൈജമ്പില്‍ ബ്രിട്ടീഷ് താരം ജറമിയന്‍ മാസന്‍ മെഡല്‍ സ്വന്തമാക്കിയതിനു തൊട്ടു പിന്നാലെ ആയിരുന്നു.

ജമൈക്കന്‍ വംശജനാണെങ്കിലും ബ്രിട്ടനു വേണ്ടി മത്സരിക്കാന്‍ ഇറങ്ങിയ മാസണ്‍ വെള്ളിമെഡലിന് അര്‍ഹനായത് 2.34 മീറ്റര്‍ ചാടിയാണ് വെള്ളി കരസ്ഥമാക്കിയത്. മാസണെയും നാട്ടുകാരന്‍ യാറോസ്ലാവ് റിബാക്കോവിനെയും പിന്നിട്ട് കുതിച്ച റഷ്യന്‍ താരം ആന്ദ്രേ സില്‍‌നോവിനായിരുന്നു സ്വര്‍ണ്ണം. 2.36 സില്‍നോവ് ചാടിയപ്പോള്‍ 2.32 മീറ്ററുമായി റിബാക്കോവ് വെങ്കലത്തിന് അര്‍ഹനായി.