ഒളിമ്പിക്‍സിലെ ക്ലാസ്സിക് പോരാട്ടം

Webdunia
ശനി, 12 ജൂലൈ 2008 (17:00 IST)
PTIPTI
ലോകത്തിലെ ഏറ്റവും മികച്ച പുരുഷ ടെന്നീസ് താരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലോക ഒന്നാം നമ്പര്‍ റൊജര്‍ ഫെഡറര്‍ ആണെന്നും രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലുമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതു കൊണ്ട് തന്നെ യാണ് ഇരുവരും തമ്മില്‍ പോരാടുമ്പോള്‍ ആള്‍ക്കാര്‍ ക്ലാസ്സിക് പോരാട്ടമെന്ന് പറഞ്ഞ ഇമ ചിമ്മാതെ കാത്തിരിക്കുന്നത്.

ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിവയ്‌ക്ക് പിന്നാലെ ഇനി ഇരുവരും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകുക ബീജിംഗിലാകും. കാര്യങ്ങള്‍ ഇരുവരുടെയും ആരാധകര്‍ കരുതുന്നത് പോലെയാണ് നടക്കുന്നതെങ്കില്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് ഫെഡറര്‍ ഒളിമ്പിക്സിനെത്തുമ്പോള്‍ സ്പെയിനെ പ്രതിനിധീകരിച്ചാണ് നദാല്‍ കളത്തില്‍ എത്തുക.

പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ഇരുവര്‍ക്കും അനുകൂലമാകുകയാണെങ്കില്‍ ഒളീമ്പിക് പോരാട്ടത്തില്‍ ഇരുവരും ഒരിക്കലെങ്കിലും നേരില്‍ വരും. ഇരുവരും തമ്മില്‍ ഈ വര്‍ഷം എറ്റുമുട്ടിയ ഫ്രഞ്ച് ഓപ്പണിലും വിംബിള്‍ഡണിലും ഭാഗ്യം കൂടെ നിന്നത് സ്പാനിഷ് താരത്തിനൊപ്പമായിരുന്നു. എന്നാല്‍ ഒളിമ്പിക്‍സില്‍ ഇതിനൊക്കെ പകരം ചോദിക്കാന്‍ ഫെഡറര്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണ്. നദാലിനാകട്ടെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടിയാകും.
PROPRO


ലോക ഒന്നാം നമ്പറാണെങ്കിലും ഇത് വരെ ഒളിമ്പിക്‍സില്‍ ചരിത്രം രചിക്കാന്‍ ഫെഡറര്‍ക്ക് കഴിഞ്ഞിട്ടില്ല. 2000 ല്‍ നാലാം സ്ഥാനത്തെത്തിയ താരം 2004 ല്‍ രണ്ടാം റൌണ്ടില്‍ പുറത്താകുക ആയിരുന്നു. ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ അനേകമുണ്ടെങ്കിലും ഒളിമ്പിക്സ് സ്വര്‍ണ്ണം ഫെഡറര്‍ക്കോ നദാലിനോ ഇതുവരെ സ്വന്തമാ‍ക്കാന്‍ കഴിഞ്ഞിട്ടില്ല. നദാലാകട്ടെ സ്പെയിനെ ഒളിമ്പിക്‍സില്‍ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുന്നതേയുള്ളൂ.