നിതാഖാത്ത്: പ്രവാസ ലോകം ഭീതിയില്‍

Webdunia
വെള്ളി, 29 മാര്‍ച്ച് 2013 (12:02 IST)
PRO
സ്വദേശി നിയമം പ്രാബല്യത്തിലായ സൗദിയില്‍ രേഖകള്‍ ഇല്ലാത്ത പ്രവാസികളെ കണ്ടെത്താന്‍ സൗദി ഭരണകൂടം നടപടി ശക്തമാക്കിയതിനെത്തുടര്‍ന്ന് പ്രവാസലോകം ഭീതിയില്‍. സൌദി പൊലീസും സംഘടനകളും പരിശോധന കര്‍ശനമാക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെത്തുടര്‍ന്ന് വലിയോരു ശതമാനം മലയാളി പ്രവാസികളുള്‍പ്പടെയുള്ള ഫ്രീവിസക്കാര്‍ താമസസ്ഥലങ്ങളിലും മറ്റുള്ള സ്ഥലങ്ങളിലും ഒളിവില്‍ കഴിയുകയാണ്.

കൃത്യമായ രേഖകള്‍ ഇല്ലാത്ത പ്രവാസികളെ പിടികൂടി തിരിച്ചയക്കുന്നുവെന്നും മറ്റു രാജ്യങ്ങളില്‍ ജോലി തേടാനാവാത്ത വിധം എക്സിറ്റ് രേഖപ്പെടുത്തി വിടുന്നുവെന്നുമാണ് വാര്‍ത്തകള്‍.

കടകളിലും മറ്റ് തൊഴിലിടങ്ങളിലും പ്രവാസികളുടെ താമസസ്ഥലത്ത് കൂടി പരിശോധന വ്യാപിച്ചിട്ടുണ്ടെന്നും അഭ്യൂഹം പരന്നതിന അധികൃതരുടെ പിടിയില്‍ ഏത് സമയത്തും കുടങ്ങുമെന്ന കടുത്ത ഭീതിയില്‍ ആണ് ആയിരക്കണക്കിന് വരുന്ന സാധാരണ തൊഴിലാളികള്‍ കഴിയുന്നത്.


കേരളാമുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഈ വിഷയത്തില്‍ അടിയന്തര ശ്രദ്ധവേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് കത്തയച്ചു. സ്വദേശിവത്കരണത്തെ തുടര്‍ന്നുണ്ടായ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്ഥാനപതി സൗദി തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്തും. സര്‍ക്കാര്‍ പ്രത്യേക ജാഗ്രത തന്നെ ഈ പ്രശ്നത്തില്‍ പുലര്‍ത്തും. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട- കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.