“ഞാന്‍ പോയസ് ഗാര്‍ഡനില്‍ ജനിച്ചവള്‍, എന്നെ പുറത്താക്കിയത് ശശികല” - രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ച് ജയലളിതയുടെ സഹോദരപുത്രി ദീപ; ശശികല ക്യാമ്പില്‍ ആശങ്ക!

Webdunia
ശനി, 10 ഡിസം‌ബര്‍ 2016 (15:00 IST)
ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍. ജയലളിതയുടെ തോഴി ശശികലയ്ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ തയ്യാറാണെന്ന് ദീപ അറിയിച്ചിരിക്കുന്നത്. ഇതോടെ ശശികല ക്യാമ്പ് ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍.
 
“ഞാന്‍ പോയസ് ഗാര്‍ഡനിലാണ് ജനിച്ചത്. എന്നാല്‍ ശശികല അവിടെയെത്തിയതോടെ ഞങ്ങളുടെ കുടുംബം പുറത്താക്കപ്പെട്ടു. ബന്ധുക്കളില്‍ നിന്നെല്ലാം അവര്‍ അത്തയെ(ജയലളിതയെ) ഒറ്റപ്പെടുത്തി. ഇപ്പോള്‍ അത്ത അകാലത്തില്‍ മരിക്കാനുണ്ടായ കാരണം അവരെ ചുറ്റിനിന്ന ഈ മോശം ആള്‍ക്കാര്‍ തന്നെയാണ്” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ദീപ പറയുന്നു.
 
“അത്തയ്ക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങള്‍ പുറം‌ലോകത്തിന് അറിയില്ല. അക്കാര്യം വെളിപ്പെടേണ്ടതുണ്ട്. അത്തയ്ക്ക് അവസാനമായി അഞ്ജലി അര്‍പ്പിക്കാന്‍ ചെന്ന എന്നെ അനുമതി നല്‍കാതെ അപമാനിച്ചു. ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്” - ദീപ പറയുന്നു.
 
നേരത്തേ പോയസ് ഗാര്‍ഡനിലും പിന്നീട് അപ്പോളോ ആശുപത്രിയിലും ജയലളിതയെ കാണാന്‍ പലതവണ ദീപ എത്തിയിരുന്നെങ്കിലും അവര്‍ക്ക് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.
Next Article