ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് കവിത പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു; മോദി തന്റെ പേന തട്ടിപ്പറിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (09:15 IST)
കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കവിത എഴുതിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി. 
എഐഎഡിഎംകെ മുഖപത്രമായ നമുതു എംജിആറിന്റെ എഡിറ്റര്‍ ആയ മരുതു അളകുരാജിനെയാണ് പുറത്താക്കിയത്.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തമിഴ്‌നാട്ടിലെ ഇപിഎസ് സര്‍ക്കാറിനെയും കുറിച്ചുള്ള കവിതയുടെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് അളകരാജ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ചത്തെ എഡിഷനില്‍ ചിത്രഗുപ്തന്‍ എന്ന പേരില്‍ അളകരാജിന്റെ ഒരു കവിത വന്നിരുന്നു. ഇതിന്റെ പേരിലാണ് അളകുരാജിനെ പുറത്താക്കിയത്.
 
‘കാവി അടി, കഴകത്തെ അഴി’എന്നു തുടങ്ങുന്ന കവിത ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു. സംഭവത്തിനുശേഷം പ്രധാനമന്ത്രി തന്റെ ‘പേന തട്ടിപ്പറിക്കുകയാണെന്ന്’ പറഞ്ഞ അളകരാജ് ‘ഒരു സ്വേച്ഛാധികാരത്തിനും തന്നെ തടയാനാവില്ല’ എന്നും വ്യക്തമാക്കി.
 
കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ രാഷ്ട്രീയ ഏജന്റുകളായി ഉപയോഗിക്കുകയും നിയമം നടപ്പിലാക്കുന്ന സംവിധാനങ്ങളെ ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നതായി കവിതയില്‍ പരാമര്‍ശിച്ചിരുന്നു. ഈ കവിത പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ എഡിറ്റര്‍ സ്ഥാനത്തുനിന്നും പിരിച്ചുവിട്ടത്.
Next Article