നിയന്ത്രണരേഖ ലംഘിച്ച് ലഡാക്കിലേക്ക് കടന്നു കയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തിന്റെ ശ്രമങ്ങള്‍ വെറുതെയായി. നിയന്ത്രണ രേഖക്ക് സമീപത്തെ പെന്‍ഗോങ് മേഖലയിലാണ് ചൈനീസ് സൈന്യം കടന്നു കയറാന്‍ ശ്രമിച്ചത്. തക്കസമയത്ത് ഇന്ത്യന്‍ സൈന്യം പ്രതിരോധിച്ചതോടെ ചൈനീസ് പട്ടാളക്കാര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല.
അരമണിക്കൂറോളം ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. പെന്‍ഗോങ് തടാകത്തിന്റെ ഭാഗത്ത് കൂടിയെത്തിയ പട്ടാളക്കാര്‍ കടന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ സൈന്യം വഴി തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ മാര്‍ഗം തടസ്സപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന് നേരെ ചൈനീസ് പട്ടാളക്കാര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഇരു വിഭാഗത്തിലും പെട്ടവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് ലഭിക്കുന്ന വിവരം.