കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. സാല്‍വത്തോറെ ജിറോണിനാണ് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. നിലവില്‍ കേസ് അന്താരാഷ്ട്ര കോടതിയുടെ പരിഗണനയിലായതിനാല്‍ കേസ് തീര്‍പ്പാകും വരെ ഇറ്റലിയില്‍ തുടരുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് സാല്‍വത്തോറെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മാനുഷിക പരിഗണന കണക്കിലെടുത്ത് സാല്‍വത്തോറെയുടെ ഹര്‍ജി കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. ഇക്കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയിലാണ് ജിറോണ്‍ കഴിയുന്നത്. കേസിലെ മറ്റൊരു പ്രതി പ്രതിയായ മാസിമിലാനോ ലത്തോറെയെ നേരത്തേ ഇറ്റലിയിലേക്കു മടക്കി അയച്ചിരുന്നു.
കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കാര്യമായ നടപടികള്‍ കഴിഞ്ഞ സര്‍ക്കാര്‍ എടുത്തിരുന്നില്ല. കേസ് കോടതിയിലെത്തിയതു മുതല്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. രണ്ടു മലയാളി മത്സ്യബന്ധനത്തൊഴിലാളികള്‍ മരിച്ച കേസാണെന്നിരിക്കെ നാവികരെ ഇന്ത്യയില്‍ തടവില്‍ പാര്‍പ്പിക്കാത്തതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.