ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ യമനില്‍ നിന്ന് വ്യോമമാര്‍ഗം ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന നടപടി ഇന്ത്യ നിര്‍ത്തുന്നു. വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം നാളെയോടെ അവസാനിപ്പിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സംഘര്‍ഷം രൂക്ഷമായതിനാല്‍ സനായില്‍ വിമാനമിറക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ദുഷ്കരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദീന്‍ പറഞ്ഞു.
അതിനാല്‍ വ്യോമമാര്‍ഗം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ ഇന്നും നാളെയുമായി ഈ സൌകര്യം ഉപയോഗപ്പെടുത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കപ്പല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മന്ത്രാലയം വിശദീകരികുന്നു. അതേസമയം നാളെ വിമാന മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നതിനാല്‍ അഞ്ച് വിമാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പേരെ നാട്ടിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം ഇന്ത്യന്‍ നാവിക കപ്പലായ ഐഎന്‍എസ് തര്‍കഷ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി യെമനില്‍ എത്തിയിട്ടുണ്ട്. ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് സുമിത്ര എന്നിവയ്ക്കു പുറമെയാണിത്.
അതേസമയം 600 ഓളം യാത്രക്കാരുമായി മൂന്നു എയര്‍ ഇന്ത്യ വിമാനങ്ങള്‍കൂടി യെമനില്‍ നിന്നും പുറപ്പെട്ടതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആഭ്യന്തരയുദ്ധം രൂക്ഷമായിരിക്കുന്ന യെമനിലെ സനായില്‍ നിന്ന് 1052 ഇന്ത്യക്കാരെ കൂടി ഇന്ത്യ ഇന്നലെ ഒഴിപ്പിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ സനായില്‍ 574 പേരെ മൂന്നു എയര്‍ ഇന്ത്യ വിമാനങ്ങള്‍ വഴിയും 479 പേരെ അല്‍ ഹുദൈദ തുറമുഖം വഴി നാവിക കപ്പലിലും രക്ഷപ്പെടുത്തി. യെമനിലുള്ള 4000ല്‍ അധികം ഇന്ത്യക്കാരില്‍ 3300 ഓളം പേരെ യെമന്‍ രക്ഷാദൌത്യമായ ഓപ്പറേഷന്‍ റാഹത്ത് വഴി ഇതിനകം മോചിപ്പിച്ചു കഴിഞ്ഞു.