ഭര്‍ത്താവിനെ ഭാര്യ ജീവനോടെ അടക്കം ചെയ്‌തെന്ന് സംശയം. ഭര്‍ത്താവിന് അമരത്വം ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് സംശയം. ചെന്നൈ പെരുമ്പാക്കത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കലൈഞ്ജര്‍ കരുണാനിധി നഗറില്‍ താമസിക്കുന്ന നാഗരാജാണ് (59) മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ലക്ഷ്മിയെ (55) പൊലീസ് ചോദ്യംചെയ്തുവരികയാണ്.
ദൈവത്തിനോട് സംസാരിക്കാനാകുമെന്ന് സ്വയംഅവകാശപ്പെട്ടിരുന്ന നാഗരാജ് വീടിനുപിന്നില്‍ ക്ഷേത്രം നിര്‍മിച്ച് പൂജകള്‍ നടത്തിയിരുന്നു. കഴിഞ്ഞദിവസം നെഞ്ചുവേദന വന്നപ്പോള്‍ താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഭാര്യയോട് പറഞ്ഞു. അമരത്വം നേടാന്‍ തന്നെ ജീവനോടെ അടക്കംചെയ്യണമെന്നും ഈ വിവരം ആരെയും അറിയിക്കരുതെന്നും നാഗരാജ് ഭാര്യയോട് പറഞ്ഞു. ഇതുവിശ്വസിച്ച ലക്ഷ്മി ജലസംഭരണിക്കാണെന്ന പേരില്‍ വീടിനുപിന്നില്‍ തൊഴിലാളികളെവെച്ച് കുഴിയെടുത്തു. തുടര്‍ന്ന് നാഗരാജിനെ കുഴിയിലിറക്കി മണ്ണിട്ട് മൂടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.