വേശ്യാവൃത്തി നിയമവിധേയമാക്കണമെന്ന് ആത്മീയാചാര്യ മാതാ മഹാദേവി

Webdunia
ബുധന്‍, 15 ഒക്‌ടോബര്‍ 2014 (09:38 IST)
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ വേശ്യാവൃത്തി നിയമവിധേയമാക്കണമെന്ന് ആത്മീയാചാര്യ മാതാ മഹാദേവി. പ്രസ്താവനയ്‌ക്കെതിരെ വനിതാസംഘടനകളും പുരോഗമന സംഘടനകളുമാണ് രംഗത്തെത്തി. 
 
സ്ത്രീകള്‍ക്കുനേരേ നടക്കുന്ന ലൈംഗികാതിക്രമങ്ങളും മാനഭംഗക്കേസുകളും കുറയ്ക്കുന്നതിന് വേശ്യാവൃത്തി നിയമപരമായി അംഗീകരിക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്ന് മഹാദേവി പറഞ്ഞു. പെണ്‍കുട്ടികള്‍ ശരീരത്തോട് ഒട്ടിപ്പിടിച്ച് നില്ക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. 
 
കോളേജുകളിലും ജോലിസ്ഥലത്തും യുവതികള്‍ ധരിക്കുന്ന വസ്ത്രം മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിലാണ്. ഇത് അപകടം ചെയ്യും. ലൈംഗികാതിക്രമ വാസനയുള്ളവരെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണരീതി ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം അവസരങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമം സ്ത്രീകളുടെ ഭാഗത്ത് നിന്നുണ്ടാകണം. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം പുതിയ തലമുറ മനലാക്കണം. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ പെണ്‍കുട്ടികളെ ശ്രദ്ധിക്കേണ്ടത്. രാത്രിവൈകി പെണ്‍കുട്ടികളെ വീട്ടില്‍നിന്ന് പുറത്തുപോകാന്‍ മാതാപിതാക്കള്‍ അനുവദിക്കരുത്. മാന്യമായ വസ്ത്രധാരണരീതി സ്വീകരിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈയിടെ ഗായകന്‍ യേശുദാസ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെക്കുറിച്ച് പരാമര്‍ശം നടത്തിയത് വിവാദമായതിന് പിന്നാലെയാണ് സന്ന്യാസിനിയുടെ പ്രസ്താവന.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.