‘രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ല’; നിലപാട് വ്യക്തമാക്കി യച്ചൂരി

Webdunia
ഞായര്‍, 30 ഏപ്രില്‍ 2017 (15:31 IST)
രാജ്യസഭയിലേക്ക് ഇനി മല്‍സരിക്കാനില്ലെന്ന് സീതാറാം യച്ചൂരി. പാര്‍ട്ടിയുടെ ചട്ടമനുസരിച്ച് ഒരാള്‍ക്ക് മൂന്ന തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സാധിക്കില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലക്ക് പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും യെച്ചൂരി പറഞ്ഞു. നിലവില്‍ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായ യച്ചൂരിയുടെ അംഗത്വം ഓഗസ്‌റ്റ് 18നാണ് അവസാനിക്കുന്നത്. 
 
പശ്ചിമ ബംഗാളില്‍ നിന്നും സീതാറാം യെച്ചൂരിയാണ് രാജ്യസഭയിലേക്ക് മല്‍സരിക്കുന്നതെങ്കില്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. തുടര്‍ന്ന് രാജ്യസഭയിലെത്തിക്കാൻ വോട്ടു നൽകാമെന്ന കോൺഗ്രസ് വാഗ്‌ദാനത്തെച്ചൊല്ലി സിപിഎമ്മിലെ യച്ചൂരി, കാരാട്ട് പക്ഷങ്ങൾ തമ്മിൽ കടുത്ത അഭിപ്രായഭിന്നതയും ഉടലെടുത്തിരുന്നു. 
 
ഏപ്രില്‍ അഞ്ചിനാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിലാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വെച്ചത്. യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സിപിഎം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Next Article