തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ മദ്രാസ് ഹൈക്കോടതി സംശയമുന്നയിച്ചു. നിരവധി സംശയങ്ങളാണ് പല മാധ്യമങ്ങളും ഉന്നയിച്ചിട്ടുള്ളത്. മരണത്തില്‍ തനിക്കും ചില സംശയങ്ങളുണ്ടെന്നും ജസ്റ്റിസ് വൈദ്യലിംഗം പ്രതികരിച്ചു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പ്രവർത്തകൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ജയലളിതയുടെ രോഗവിവരവും മരണകാരണവും സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിടാതിരുന്നതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം അവർക്ക് ശരിയായ ഭക്ഷണ ക്രമീകരണമല്ല നൽകിയിരുന്നതെന്നാണ് താന്‍ കേട്ടിരിക്കുന്നത്. ഇപ്പോൾ അവരുടെ മരണത്തിനുശേഷമെങ്കിലും യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരണമെന്നും ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു.
ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മാധ്യമങ്ങളും പല വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാൻ ജയലളിത ചികിത്സയിൽ കഴിഞ്ഞ അപ്പോളോ ആശുപത്രിക്കും സംസ്‌ഥാന–കേന്ദ്ര സർക്കാരുകൾക്കും കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. കോടതി ഈ കേസ് ജനുവരി നാലിലേക്ക് മാറ്റി.