വ്യാപം; അക്ഷയ് സിംഗിന്റെ മരണം അന്വേഷിക്കണം- യുഎന്‍

Webdunia
ശനി, 18 ജൂലൈ 2015 (13:41 IST)
രാജ്യത്തെ ഏറ്റവും വലിയ നിയമന കുംഭകോണമായ വ്യാപം അഴിമതി ഇടപാടില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. വ്യാപം അഴിമതി റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകൻ അക്ഷയ് സിംഗ് ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണം. മാദ്ധ്യമ പ്രവർത്തകന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

മാദ്ധ്യമ പ്രവർത്തകർക്കെതിരായ അക്രമങ്ങൾക്ക് കർശന ശിക്ഷ നൽകണം. സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാനുള്ള ഉത്തരവാദിത്വം മാദ്ധ്യമ പ്രവർത്തകര്‍ക്കുണ്ട്. അത് സുരക്ഷിതമായ രീതിയിൽ നിറവേറ്റാൻ അവർക്ക് നിയമസംരക്ഷണം നൽകണം. മാദ്ധ്യമ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർ ഒരിക്കലും രക്ഷപ്പെടാൻ പാടില്ലെന്നും യു.എന്നിന്റെ, അഭിപ്രായ പ്രകടനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏജൻസി ഡയറക്ടർ ജനറൽ ഇറിന ബോകോവ വ്യക്തമാക്കി.

ഈ മാസം ആദ്യമാണ് സിംഗ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഹിന്ദി ടെലിവിഷൻ ചാനലിന്റെ റിപ്പോർട്ടറായിരുന്നു അക്ഷയ്, സിംഗിന്റെ മരണത്തോടെയാണ് വ്യാപം കേസ് കൂടുതൽ ശ്രദ്ധ നേടിയത്. കേസ് ഇപ്പോൾ സിബിഐ അന്വേഷിച്ചു വരികയാണ്. ഇതുവരെ 49 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചെന്നാണ് കണക്ക്