പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് വി ടി ബൽറാം എം എൽ എ. പുറത്തുവരുന്ന വാര്‍ത്ത ശരിയാണെങ്കില്‍ കേരള മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ ഒരു നിമിഷം പോലും പിണറായി വിജയന് അര്‍ഹതയില്ലന്നാണ് ബല്‍റാം ഫേയ്‌സ് ബുക്കില്‍ വ്യക്തമാക്കിയിരിക്കുന്നത്.
എത്രയും പെട്ടെന്ന് ഇക്കാര്യത്തിലുള്ള വസ്തുത വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ബല്‍റാം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും പ്രതിപക്ഷ നെതാവ് രമേശ് ചെന്നിത്തലും രംഗത്തെത്തിയിരുന്നു.
ഹെലികോപ്‌റ്റര്‍ യാത്ര വിവാദമായപ്പോൾ ഫണ്ട് റിലീസ് ചെയ്യാനുള്ള ഉത്തരവ് റദ്ദ് ചെയ്തെങ്കിലും കളവ് കളവല്ലാതാകുന്നില്ലെന്ന് ചെന്നിത്തലയും പ്രതികരിച്ചു. മുഖ്യമന്ത്രി രാജി വെക്കണമെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.
തൃശൂരിലെ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു. എട്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് ചെലവായിരിക്കുന്നത്.
എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിവാദ ഉത്തരവ് റദ്ദാക്കി. ഫണ്ട് വകമാറ്റിയത് അറിഞ്ഞില്ലന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ഇതിനു ശേഷമാണ് വിടി ബല്‍റാം എംഎല്‍എയുടെ പ്രതികരണം.