പിണറായി വിജയന്റെ നടപടിയിൽ കേരളജനത ഞെട്ടി: കെ സുരേന്ദ്രൻ

ബുധന്‍, 10 ജനുവരി 2018 (07:46 IST)
പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ഹെലികോപ്‌റ്റര്‍ യാത്ര വിവാദമായപ്പോൾ ഫണ്ട് റിലീസ് ചെയ്യാനുള്ള ഉത്തരവ് റദ്ദ് ചെയ്തെങ്കിലും കളവ് കളവല്ലാതാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
 
പിണറായിയുടെ നടപടി കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്‌. ധാര്‍മ്മികതക്കും രാഷ്ട്രീയസദാചാരത്തിനും നിരക്കാത്ത നിലപാടെടുത്ത മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
 
പാര്‍ട്ടി സമ്മേളനത്തിനെത്താന്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം ഈടാക്കാന്‍ ശ്രമിച്ചത് പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നതുപോലെയാണ്. ദുരിതബാധിതര്‍ക്കായി വിനിയോഗിക്കേണ്ട പണം ഇത്തരത്തില്‍ ഉപയോഗിച്ചത് അതീവ ദൌര്‍ഭാഗ്യകരമായ സംഭവമാണ്. കൈയോടെ പിടിച്ചതുകൊണ്ടാണ് ഉത്തരവ് റദ്ദാക്കിയത്. ഇങ്ങനെ തടിതപ്പിയെങ്കിലും കളവ് കളവല്ലാതാകുന്നില്ല -  എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
 
കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം
 
പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണം. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് പിണറായി വിജയന്‍്‌റത്. ഓഖി ദുരിതാശ്വാസനിധിയില്‍ നിന്നും പാര്‍ട്ടിസമ്മേളനത്തിനുവേണ്ടി പണം ചെലവഴിച്ച നടപടി കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. പാവപ്പെട്ട ജനങ്ങള്‍ ഓഖി ദുരന്തത്തിന്റെ പേരില്‍ ദുരിതമനുഭവിക്കുമ്പോള്‍ പിണറായിക്ക് ഇതെങ്ങനെ കഴിഞ്ഞു? ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് ഒരു ഹൃദയമില്ലാ എന്നതിന്റെ തെളിവാണിത്. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള സി. പി. എമ്മിന് അവരുടെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് കാശെടുത്ത് ഹെലികോപ്ടറിനു ചെലവാക്കാമായിരുന്നു. ധാര്‍മ്മികതക്കും രാഷ്ട്രീയസദാചാരത്തിനും നിരക്കാത്ത നിലപാടെടുത്ത മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍