ഇന്ത്യാ-ചൈനാ യുദ്ധത്തിന് പ്രധാനകാരണം മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന മലയാളിയായ വി കെ കൃഷ്‌ണമേനോന്‍ ആയിരുന്നെന്ന് വെളിപ്പെടുത്തല്‍. അന്തരിച്ച മുന്‍ വിദേശകാര്യ സെക്രട്ടറി എപി വെങ്കിടേശ്വരന്റെ അഭിമുഖം ഉള്‍പ്പെട്ട വെങ്കട്ട് ഫോറെവര്‍ പുസ്‌തകത്തിലാണ് വെളിപ്പെടുത്തല്‍. 1962 മുതല്‍ 64 വരെ വിദേശകാര്യവകുപ്പില്‍ ചൈനയുടെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു വെങ്കിടേശ്വരന്‍. കഴിഞ്ഞ സെപ്‌തംബറിലാണ് വെങ്കിടേശ്വരന്‍ അന്തരിച്ചത്.
1962 ലെ യുദ്ധകാലത്ത് പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്‌ണമേനോന്‍ സ്‌ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി നെഹ്രുവിന് നല്‍കിയത് തെറ്റായ വിവരമായിരുന്നു എന്നും മലയാളിയായ വി കെ കൃഷ്‌ണമേനോന്‍ കാപട്യമുള്ളയാളായിരുന്നെന്നും പുസ്‌തകത്തില്‍ പറയുന്നുണ്ട്. ചൈന സുഹൃദ് രാഷ്‌ട്രമാണെന്ന് വിശ്വസിച്ചതിലൂടെ മുന്‍പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു മണ്ടത്തരം കാണിച്ചതായി വെങ്കിടേശ്വരനെ ഉദ്ധരിച്ച് പുസ്‌തകം പറയുന്നു.
ചൈന ടിബറ്റില്‍ കയറിയപ്പോള്‍ തന്നെ വിവരം അവിടത്തെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി സുമാല്‍ സിന്‍ഹ ഡല്‍ഹിയിലേക്ക് സന്ദേശം അയച്ചിരുന്നു. അന്ന് ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു. എന്നാല്‍ ചൈന നല്ല സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച നെഹ്രു അക്കാര്യം അവഗണിച്ചു.