സിനിമാക്കഥ പോലെ ഒരു കൊലപാതകം; വാടകക്കൊലയാളിയായ സ്‌ത്രീ പിടിയില്‍

Webdunia
തിങ്കള്‍, 18 ജനുവരി 2016 (11:31 IST)
സിനിമയെ പോലും വെല്ലുന്ന രീതിയില്‍ കൊലപാതകം നടത്തിയ വാടകക്കൊലയാളിയായ സ്ത്രീയെ രണ്ട്‌ വര്‍ഷമായുള്ള തിരച്ചിലിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തു. നെഹ ശ്രീവാസ്‌തവ എന്ന സ്‌ത്രീയെയാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(എസ്‌ ടി എഫ്‌) പിടികൂടിയത്.

ഇപ്പോള്‍ ഒരു കുട്ടിയുടെ അമ്മയായ നെഹയെ അഭയ്‌ സിംഗ്‌ എന്ന ബിസിനസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ്‌ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ ജീവിതം കഴിഞ്ഞതോടെ തന്റെ വിദ്യാഭ്യാസം അവസാനിപ്പിച്ച നെഹ ഖൊറാഖ്‌പൂരില്‍ നിന്നുള്ള നിത്യാനന്ദ്‌ എന്ന ക്രിമിനലിനൊപ്പം ചേരുകയായിരുന്നു. പിന്നീട്‌ വാടകക്കൊലയാളിയായി ബിസിനസ് ആരംഭിച്ചതോടെ നെഹയെ നിത്യാനന്ദ്‌ വിവാഹം ചെയ്‌തുവെന്നും എസ് ടി എഫ്‌ അറിയിച്ചു.

അഭയ്‌ സിംഗ്‌, ദേവേന്ദ്ര എന്നീ ബിസിനസുകാരുമായി വളരെ നല്ല സൗഹൃദമായിരുന്നു നെഹയ്ക്കും നിത്യാനന്ദിനും ഉണ്ടായിരുന്നത്. ദേവേന്ദ്രയുടെ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുമായി അഭയ്‌ സിംഗ്‌ അടുപ്പത്തിലായി. ഇതോടെ  അഭയ്‌ സിംഗിനെ അവസാനിപ്പിക്കാന്‍ നെഹയോടും നിത്യാനന്ദിനോടും ദേവേന്ദ്ര ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‌ 2012 നവംബറില്‍ അഭയ്‌ സിംഗിനെ ബരബങ്കി ജില്ലയിലെ ജയ്‌ത്പൂരില്‍ നിന്നും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കൊലപാതകത്തിലാണ്‌ ഇപ്പോള്‍ നെഹ പിടിയിലായിരിക്കുന്നത്‌.