പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല; വാക്കുകൊണ്ടല്ല പ്രവർത്തികൊണ്ട് മറുപടി പറഞ്ഞ് ഇന്ത്യൻ സൈന്യം

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (14:05 IST)
ഉറി ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ തിരിച്ചടിക്കണമെന്ന് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു. പാകിസ്ഥാനെതിരെ ഉടനടി ആക്രമണം നടത്തണമെന്ന് നാടിന്റെ വിവിധ കോണുകളിൽ നിന്നും അഭിപ്രായങ്ങൾ ഉണ്ടായപ്പോഴും ഇന്ത്യ അക്രമണത്തിന് ഉത്തരവിട്ടിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ യുദ്ധമാണ് നടത്തുന്നതെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പ്രധാനമന്ത്രി പറയുന്നതെല്ലാം വെറുതെയാണെന്നായിരുന്നു പലരും ധരിച്ചത്.
 
എന്നാൽ, താൻ പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രധാനമന്ത്രിയും രാജ്യവും തെളിയിച്ചിരിക്കുകയാണ്. വാക്കുകൾ കൊണ്ടല്ല പ്രവർത്തികൾക്കൊണ്ട് പാകിസ്ഥാന് മറുപടി നൽകുമെന്ന മോദിയുടെ വാക്കുകൾ സത്യമായിരിക്കുകയാണ്. ഇന്ത്യൻ സൈന്യം പാകിസ്ഥാന് മറുപടി നൽകി. അതിർത്തി കടന്ന് യുദ്ധം ചെയ്യാൻ ഇന്ത്യക്ക് ശേഷിയില്ലെന്നും ഇത് പ്രധാനമന്ത്രിയുടെ കഴിവ്കേടാണെന്നും പറഞ്ഞ് പലരും രംഗത്തെത്തിയിരുന്നു. ഈ ആക്ഷേപങ്ങളെയെല്ലാം തകർത്തെറിഞ്ഞുകൊണ്ടാണ് സൈന്യം പാകിസ്ഥാന് ശക്തമായ താക്കീത് നൽകി രംഗത്തെത്തിയിരിക്കുന്നത്.
 
പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ വളരെ തന്ത്രപരമായാണ് മിന്നലാക്രമണം നടത്തിയത്. പാകിസ്ഥാൻ പോലും പ്രതീക്ഷിക്കാത്ത ഒരു അപ്രതീക്ഷിത നീക്കമായിരുന്നു അത്. അതിർത്തി കടന്നുള്ള ഭീകരവാദം ഒരു കാരണവശാലും ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന താക്കിതും സൈന്യം പാകിസ്ഥാന് നൽകി. ക്യാമ്പുകൾ തകർത്ത് ലക്ഷ്യം നിർവഹിച്ച് സൈന്യം തിരിച്ച് സുരക്ഷിത സ്ഥലങ്ങളിൽ എത്തി. വാർത്താസമ്മേളനം നടത്തുന്നതുവരെ ഇക്കാര്യം പുറംലോകം അറിഞ്ഞില്ല. ഇനി അക്രമിച്ചാൽ അതിന്റെ നൂറിരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്നും  ഇന്ത്യ തെളിയിച്ചു.  
Next Article