ജെല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തെ അറിയിച്ചു. ചെന്നൈ മറീന ബീച്ചില്‍ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു പനീര്‍സെല്‍വം പ്രധാനമന്ത്രിയെ കണ്ടത്. തമിഴ്ജനതയുടെ വികാരം മനസ്സിലാക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
ജെല്ലിക്കെട്ട് സുപ്രീംകോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്. അതിനാല്‍ തന്നെ സര്‍ക്കാരിന് ഇതില്‍ ഇടപെടാന്‍ കഴിയില്ല. ഇടപെട്ടാല്‍ അത് കോടതിയലക്‌ഷ്യമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജെല്ലിക്കെട്ട് സമരത്തില്‍ ഇടപെടാന്‍ സുപ്രീംകോടതിയും വിസമ്മതിച്ചു. മറീനയില്‍ നടക്കുന്ന സമരത്തെ ലാത്തിച്ചാര്‍ജിലൂടെ സംസ്ഥാനസര്‍ക്കാര്‍ നേരിടുന്നതില്‍ ഇടപെടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇതില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
തമിഴ്ജനതയുടെ സംസ്കാരത്തിന്റെ ഭാഗമായുള്ള വികാരമാണ് ജെല്ലിക്കെട്ടെന്ന് മുഖ്യമന്ത്രി പനീര്‍സെല്‍വം പ്രധാനമന്ത്രിയെ അറിയിച്ചു. മൃഗസ്നേഹികള്‍ ആരോപിക്കുന്നതു പോലെ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നില്ല. ഓര്‍ഡിനന്‍സ് നല്കിയില്ലെങ്കില്‍ സംസ്ഥാനത്തെ സ്ഥിതി വഷളകും. എന്നാല്‍, ഓര്‍ഡിനന്‍സ് നല്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ഉറപ്പു നല്കിയില്ല. അതേസമയം, സമരം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും നല്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
2014ല്‍ ആയിരുന്നു സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്.