കട്ടിലില്‍ കുട്ടികള്‍ക്കൊപ്പം സുഖമായി ഉറങ്ങിയ പുലിയെ വീട്ടമ്മ തന്ത്രപൂര്‍വ്വം കെണിയിലാക്കി

Webdunia
ബുധന്‍, 15 ഓഗസ്റ്റ് 2018 (11:00 IST)
കട്ടിലില്‍ കുട്ടികള്‍ക്കൊപ്പം കിടന്നുറങ്ങിയ പുലിയെ വീട്ടമ്മ തന്ത്രപൂര്‍വ്വം കെണിയിലാക്കി. മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയില്‍ ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണ് മുറിയിലെത്തിയത്.

സംഭവദിവസം രാവിലെ കുട്ടികളുടെ അമ്മ മനീഷ ബദ്രെയാണ് പുലിയെ കണ്ടത്. രണ്ട് മക്കള്‍ക്കൊപ്പം സുഖമായി ചുരുണ്ടുകൂടിയുറങ്ങുന്ന പുലിയെ കണ്ട ഇവര്‍ ശബ്ദമുണ്ടാക്കാതെ സാഹചര്യം കൈകാര്യം ചെയ്‌തതോടെയാണ് പുലിയുടെ ആക്രമണത്തില്‍ നിന്നും കുടുംബം രക്ഷപ്പെട്ടത്.

കട്ടിലിന് ചുറ്റും കൊതുകുവലയുണ്ടായിരുന്നതിനാല്‍ പുലി പുറത്തേക്ക് ചാടി പോകാന്‍ കഴിയാതെ കുട്ടികളെ ആക്രമിക്കുമെന്ന് വ്യക്തമായിരുന്നതിനാല്‍ ശബ്ദമുണ്ടാക്കാതെ മക്കളെ ഓരോരുത്തരെ മനീഷ ബദ്രെ എടുത്തു മാറ്റി.

കുട്ടികളെ മുറിക്ക് പുറത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ച ശേഷം മുറി പുറത്തു നിന്നും പൂട്ടുകയും വിവരം ഫോറസ്‌റ്റ് അധികൃതരെ അറിയിക്കുകയും ചെയ്‌തു.

പുലര്‍ച്ചെ വീടിന്റെ വാതില്‍ തുറന്നപ്പോള്‍ പുലി അകത്തു കയറിയതാകാമെന്നാണ് വനം വകുപ്പുദ്യോഗസ്ഥർ വ്യക്തമാക്കിയത്. പിടികൂടിയ പുലിയെ കാട്ടില്‍ ഉപേക്ഷിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article