എതിര്‍പ്പുകളെയും വിലക്കുകളെയും ലംഘിച്ച് ശബരിമലയില്‍ കയറുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി. വിഷയത്തില്‍ കേരളസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അപഹാസ്യമാണ്. ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉരുണ്ടു കളിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് ലിംഗവിവേചനവും നിയമവിരുദ്ധവുമാണ്. കേരളത്തിലെ സ്‌ത്രീകള്‍ക്കൊപ്പം ചേര്‍ന്ന് പ്രക്ഷോഭം നടത്തും. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്താന്‍ അടുത്തമാസം കേരളത്തില്‍ എത്തുമെന്നും ദേശായി പറഞ്ഞു.
സ്‌ത്രീ ശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമാണെന്ന വാദത്തോട് യോജിക്കുന്നില്ല. നാല്‍പ്പത്തിയൊന്ന് നാള്‍ വൃതമെടുത്ത് തന്നെ താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തും. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദര്‍ ഇടപെടണമെന്നും ദേശായി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.
മഹാരാഷ്ട്രയിലെ ശനിശിംഘ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നേടാനായി നടത്തിയ സമരങ്ങളിലൂടെയാണ് ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനയും അതിന്റെ നേതാവായ തൃപ്തി ദേശായിയും ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നത്.