ആന്ധ്രാപ്രദേശിൽ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് കോൺഗ്രസ് എംഎൽഎയുൾപ്പെടെ ആറു പേർ മരിച്ചു. ബംഗളൂരു-നന്ദേദ് എക്‌സ്പ്രസാണ് ട്രക്കുമായി അപകടത്തിൽപ്പെട്ടത്. കർണാടക എംഎൽഎയായ വെങ്കടേഷ് നായിക്കും മരിച്ചവരിലുൾപ്പെടുന്നു. സംഭവത്തിൽ 25ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.
ഗ്രാനൈറ്റ് കൊണ്ടുപോയ ലോറി നിയന്ത്രണം വിട്ട് ബെംഗളൂരു - നാന്ദെഡ് ട്രെയിനിൽ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ രണ്ടു ബോഗികൾ പാളം തെറ്റി. എച്ച്1 കോച്ചിലാണ് ട്രക്ക് വന്ന് ഇടിച്ചത്. കോച്ചിലുള്ള അഞ്ച് യാത്രികരും ട്രക്ക് ഡ്രൈവറുമാണ് മരിച്ചത്.
അനന്ത്പൂർ ജില്ലയിലെ പെനുകോണ്ട മണ്ടലിലുള്ള മദകസിര ലെവൽക്രോസിലാണ് അപകടം. ഇതേത്തുടർന്ന് ബെംഗളൂരു - ഗുണ്ടകൽ റൂട്ടിലെ ട്രെയിൻ ഗതാഗം തടസ്സപ്പെട്ടു. റയിൽവേ ഉദ്യോഗസ്ഥരും പൊലീസും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.