4ജി ടെലികോം ദാതാക്കളായ റിലയന്‍സ് ജിയോ സൌജന്യ ഓഫര്‍ കാലാവധി നീട്ടി ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജിയോയുടെ എല്ലാ ഓഫറുകളും പരിശോധിക്കുമെന്ന് ട്രായി.
ജിയോയുടെ ഇടപെടലുകളും നീക്കങ്ങളും ശ്രദ്ധിച്ചു വരുകയാണ്. ക്രത്യമമായ സമയത്ത് ശരിയായ ഇടപെടലുകള്‍ ഉണ്ടാകും. എല്ലാ താരിഫ് പ്ലാനുകളും പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. വിഷയത്തില്‍ പരിശോധന തുടരുകയാണെന്നു ട്രായ് ചെയർമാൻ ആർ എസ് ശർമ്മ വാർത്ത ഏജൻസിയോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ജിയോയുടെ സേവനം മാർച്ച് 31വരെ നീട്ടി ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ചത്. ഡിസംബർ 31വരെ ഉപഭോക്താകൾക്ക് നിലവിലുള്ള പ്ലാൻ ഉപയോഗിക്കാനാവും. അതിനു ശേഷം പുതിയ ഹാപ്പി ന്യൂ ഇയർ പ്ലാനിലേക്ക് ഉപഭോക്താൾ മാറും.
ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രകാരം പ്രതിദിനം ഒരു ജിബി സൌജന്യ ഡാറ്റയാകും ലഭ്യമാകുക. എല്ലാ ഉപയോക്താക്കള്‍ക്കും ജിയോയുടെ മികച്ച ഉപയോഗം ഉറപ്പാക്കുന്നതിനായാണ് ഒരു ജിബി ഡാറ്റയിലേക്ക് സൗജന്യ ഡാറ്റ പരിമിതിപ്പെടുത്തുന്ന നയം കൊണ്ടുവരുന്നതെന്നാണ് റിലയന്‍സ് പറയുന്നത്.
പുതിയ ഓഫര്‍ പ്രകാരം പ്രതിദിനം ഒരു ജിബി സൌജന്യ ഡാറ്റയാകും ലഭ്യമാകുക എന്ന് സൂചന നല്‍കിയത് മുകേഷ് അംബാനിയാണ്. ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ പ്രതിദിനം നാല് ജിബി 4ജി ഡാറ്റയാണ് ജിയോ സൌജന്യമായി നല്‍കുന്നത്. ഇതില്‍ 20 ശതമാനം പേര്‍ വന്‍ തോതില്‍ ഡാറ്റ ഉപയോഗിക്കുന്നതിനാല്‍ ഒരു വിഭാഗം ഉപയോക്‍താക്കള്‍ക്ക് ജിയോയുടെ സൌകര്യങ്ങള്‍ പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും മുകേഷ് വ്യാഴാഴ്ച പറഞ്ഞിരുന്നു.