കാശ് വേണ്ടാത്ത കള്ളന്‍മാര്‍ തക്കാളി അടിച്ചുമാറ്റി!

Webdunia
ശനി, 2 ഓഗസ്റ്റ് 2014 (12:51 IST)
സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് മനം മടുത്ത കള്ളന്മാര്‍ മാനസാന്തരപ്പെടുമെന്ന് കരുതിയെങ്കില്‍ തെറ്റി. മോഷണരീതി മാറ്റി പുതുമ പരീക്ഷിക്കുന്നതിലാണ് കള്ളന്മാര്‍ക്ക് ഇപ്പോള്‍ താല്‍പ്പര്യം. തങ്ങള്‍ അത്രക്കങ്ങ് മോശമൊന്നുമല്ല എന്ന് തെളിയിക്കുന്നതിനായാണ് ഇത്തരം പുതുമകള്‍ പരീക്ഷിക്കുക. എന്നാല്‍ ജയ്പൂരില്‍ നടന്ന മോഷണം കേട്ടാല്‍ നിങ്ങളും ചിരിച്ചു പോകും

ഇവിടെ കള്ളന്‍മാര്‍ അടിച്ചുമാറ്റിയത് 75 കിലോ തക്കാളിയാണ്‌. എന്നാല്‍ മോഷണം നടത്തിയ കടകളിലൊന്നില്‍ പോലും കള്ളന്‍‌മാര്‍ പണപ്പെട്ടിയെ തിരിഞ്ഞുപോലും നീക്കിയില്ലത്രെ! എന്നാല്‍ തക്കാളിക്കൊപ്പം ഇലക്‌ട്രോണിക്‌ ത്രാസുകളും മോഷ്‌ടാക്കള്‍ കടത്തിക്കൊണ്ടു പോയിട്ടുണ്ട്‌.

ജയ്‌പൂരിനടുത്ത്‌ ദൗസയില്‍ ബുധനാഴ്‌ച രാത്രിയാണ് ഈ മോഷണ പരമ്പര നടന്നത്. കൊത്‌വാലി പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണ്‌ വിചിത്രമായ മോഷണ പരമ്പര അരങ്ങേറിയത്‌. നാസിക്കില്‍ നിന്ന്‌ കടയുടമകള്‍ കിലോഗ്രാമിന്‌ 70 രൂപ നിരക്കില്‍ വാങ്ങിയ തക്കാളിയാണ്‌ മോഷ്‌ടിക്കപ്പെട്ടത്‌. കിലോഗ്രാമിന്‌ 100 രൂപ വരെയാണ്‌ ചില്ലറ വില്‍പ്പനക്കാര്‍ ഈടാക്കുന്നത്‌.

ആകേ 21 കടകളില്‍ നിന്നാണ് കള്ളന്മാര്‍ മെനക്കെട്ട് തക്കാളി മാത്രം അടിച്ചുമാറ്റിയത്. വില കൂടി നില്‍ക്കുന്നതിനാല്‍ വിറ്റ് കാശാക്കാനാകും തക്കാളി മോഷ്ടിച്ചതെന്നാണ് പൊലീസ് കരുതുന്നത്. അതിനാലാകും ഇലക്ട്രിക് ത്രാസുകളും കള്ളന്‍‌മാര്‍ കൊണ്ടുപോയതെന്നാണ് ഇവര്‍ പറയുന്നത്.