തമിഴ്നാട്ടിലുണ്ടായ കാറപകടത്തില്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

Webdunia
വ്യാഴം, 18 ജനുവരി 2018 (11:38 IST)
തമിഴ്നാട്ടിലുണ്ടായ കാര്‍ അപകടത്തില്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. നാമക്കലിന് സമീപം പാരമതി വലൂരിലാണ് അപകടം നടന്നത്. ക്രിക്കറ്റ് താരങ്ങളുമായി പോവുകയായിരുന്ന രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തഞ്ചാവൂര്‍ സ്വദേശിയായ ഡി പ്രഭാകരനാണ് അപകടത്തില്‍ മരണപ്പെട്ടത്.
 
തമിഴ്‌നാട് ലീഗ് ക്രിക്കറ്റിലെ താരങ്ങളുമായി പോവുകയായിരുന്ന രണ്ട് കാറുകളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ മറ്റുതാരങ്ങളെ സേലത്തെയും ഈറോഡിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് ക്രിക്കറ്റ് ലീഗ് മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് ഡി പ്രഭാകരന്‍. 
 
പൊങ്കലിനോടനുബന്ധിച്ച് നാമക്കലില്‍ നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുത്തശേഷം തിരികെ ഹോട്ടലിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. അതേസമയം വാഹനങ്ങളുടെ അമിതവേഗതയാണോ അപകടത്തിലേയ്ക്ക് എത്തിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 
 
റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച സ്ത്രീയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെയാണ് അപകടം നടന്നതെന്നും സൂചനയുണ്ട്. മുന്‍പിലെ കാര്‍ പെട്ടന്ന് വെട്ടിച്ചതോടെ പിന്നാലെ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ച് രണ്ട് കാറുകളും പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article