പൊലീസ്‌ ആകാന്‍ മോഹിച്ച ദളിത്‌ യുവതിയ്ക്ക് ക്രൂര പീഡനം;സഹപാഠികള്‍ അറസ്റ്റില്‍

Webdunia
ഞായര്‍, 28 ഫെബ്രുവരി 2016 (13:52 IST)
പൊലീസ് ആകണമെന്ന മോഹത്തോടെ കോച്ചിങ്ങ് സെന്ററില്‍ പഠനത്തിന് ചേര്‍ന്ന ഇരുപത്തുമൂന്ന്കാരിയെ സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി. തെലങ്കാനയിലെ കരിംനഗര്‍  ജില്ലയിലാണ്  സംഭവം നടന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥികളായ ശ്രീനിവാസ്,അഞ്ചയ്യ,രാകേഷ് എന്നീ മൂന്ന്‌പേരെ പൊലീസ് അറസ്റ്റുചെയ്തു.

കോച്ചിങ് സെന്ററിലെ പഠനം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ സഹപാഠികളായ കുറ്റവാളികള്‍ പരിചയഭാവത്തില്‍ അടുത്തുകൂടുകയും ആള്‍ത്തിരക്കില്ലാത്ത സ്ഥലത്തേക്കു കൂട്ടി കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഫെബ്രുവരി 10 നാണ് സംഭവം നടന്നതെന്ന് കരിംനഗര്‍ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. എന്നാല്‍ പീഡനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി കാര്യങ്ങളെല്ലാം പുറത്തുപറയുന്നത്. പൊലീസില്‍ പരാതിപ്പെടുന്നതിന് രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലും ഈ വിഷയങ്ങളെല്ലാം അറിയുന്നത്. കുറ്റവാളികള്‍ക്കെതിരെ എസ് സി എസ് ടി പ്രിവന്‍ഷന്‍ ആക്ട് അനുസരിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  എന്നാല്‍ കേസന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.