മോഷ്ടിക്കാനായി കടന്നുകയറിയ വീട്ടില്‍ ടിവി കണ്ടിരുന്ന് ഉറങ്ങിപ്പോയ കള്ളനെ പൊലീസ് പിടികൂടി. കോയമ്പത്തൂരിലാണ് സംഭവം നടന്നത്. പൊന്‍മുത്തു എന്നയാളാണ് പിടിയിലായത്. മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ വീട്ടുടമതന്നെയാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പൊന്‍മുത്തു മോഷണത്തിനായി ഇയാളുടെ വീട്ടില്‍ കയറിയത്.
അവിടെയുണ്ടായിരുന്ന ഒരു മൊബൈല്‍ഫോണും ഡി.വി.ഡി പ്ളെയറും ഇയാള്‍ കൈക്കലാക്കി. ഈ സമയം പുറത്ത് മഴപെയ്തതിനാല്‍ അല്പസമയം ടെലിവിഷന്‍ കാണാമെന്ന് കരുതിയതാണ് പൊന്‍മുത്തുവിന് വിനയായത്. ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കെ അയാള്‍ ഉറങ്ങിപ്പോയി. അല്പസമയത്തിനകം അയാള്‍ നല്ല ഉറക്കത്തിലുമായി.
പുറത്തുപോയിരുന്ന ഉടമ പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ സുഖമായുറങ്ങുന്ന പൊന്‍മുത്തുവിനെ കണ്ടത്. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി കൈയ്യൊടെ പൊക്കി സ്റ്റേഷനില്‍ എത്തിക്കുമ്പോഴും പൊന്‍മുത്തുവിന്റെ ഉറക്കച്ചടവ് മാറിയിരുന്നില്ല. ഏതായാലും ഏമാന്‍മാര്‍ ചോദിക്കേണ്ട പോലെ ചോദിച്ചപ്പോള്‍ മുത്തുവിന്റെ ഉറക്കം പമ്പകടന്നു.