തസ്ലീമ നസ്രിനെ വധിക്കാന്‍ ഭീകര നിക്കം, പിന്നില്‍ ബംഗ്ലാദേശ് ഭീകര സംഘടന

Webdunia
ചൊവ്വ, 21 ഏപ്രില്‍ 2015 (18:56 IST)
തീവ്ര ഇസ്ലാമിസ്റ്റുകളുടെ എതിര്‍പ്പ് നേരിടുന്ന പ്രമുഖ ബംഗ്ലാദേശീ എഴുത്തുകാരി തസ്ലീമ നസ്രിനെ വധിക്കാന്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശി ബ്ലോഗർമാരായ അവിജിത് റോയിയേയും വഷിഖുർ റഹ്മാനെയും വധിച്ച അൻസാറുള്ള ബംഗ്ലാ എന്ന ഇസ്ലാമിക ഭീകര സംഘടനായാണ് തസ്ലിമയെ വധിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇക്കാര്യം വെളിപ്പെടുത്തിയത് തസ്ലിമ തന്നെയാണ്. ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.
 
കഴിഞ്ഞ ഏപ്രിൽ 2 ന് ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ ധാക്ക മഹാനഗർ പോലീസിനെ ഉദ്ധരിച്ച് നൽകിയ റിപ്പോർട്ടിൽ ഭീകരർ തസ്ലീമയെ വധിക്കാൻ കൊൽക്കത്തയിലെത്തിയതായി വെളിപ്പെടുത്തിയിരുന്നു. അവിജിത് റൊയിയെയും വഷിഖുറിനേയും കൊലപ്പെടുത്തുന്നതിനു മുമ്പ് ഓണ്‍ലൈനില്‍ കൂടി തീവ്രവായ വിദ്വേഷ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതേപോലെ ഇപ്പോള്‍ തസ്ലിമയ്ക്കെതിരെയും നടക്കുന്നുണ്ട്. അതിനു പിന്നാലെ വഷിഖുറിന്റെ കൊലപാതകത്തിനു പിന്നിൽ തസ്ലീമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് . ഇക്കാര്യങ്ങളെല്ലാം ഇന്റലിജന്‍സ് ഗൌരവമായി എടുത്തിട്ടുണ്ട്.
 
എന്നാൽ വഷിഖുറിന്റെ കൊലയാളികൾ മദ്രസ വിദ്യാർത്ഥികളാണെന്ന് ചൂണ്ടിക്കാട്ടിയ തസ്ലീമ ബംഗ്ലാദേശിലെ ഇത്തരം സ്ഥാപനങ്ങൾ ഭീകര നിർമ്മാണ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന്  വ്യക്തമാക്കി . ബംഗ്ലാദേശിൽ സ്വതന്ത്ര ചിന്തകർ ഇനിയും  കൊല്ലപ്പെട്ടേക്കാമെന്നും അവർ പറഞ്ഞു .ജീവനുള്ളിടത്തോളം നിശ്ശബ്ദയാവാൻ ഉദ്ദേശിച്ചിട്ടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലജ്ജ എന്ന പുസ്തകം എഴുതിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധങ്ങള്‍ക്കും വധഭീഷണികളും മൂലം നിലവില്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ് തസ്ലിമ. 

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.