തെലങ്കാനയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍? അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭം

ബുധന്‍, 8 ഏപ്രില്‍ 2015 (16:05 IST)
തെലങ്കാനയിലെ വാറംഗല്‍ ജയിലിലെ തീവ്രവാദ ബന്ധമുള്ള തടവുകാരെ വെടിവച്ചു കൊന്ന പൊലീസ് നടപടി വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മനുഷ്യാവകാശ സംഘടനകളും രഗത്തെത്തി. 2010ല്‍ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് യുവാക്കളാണ്  കോടതിയില്‍ കൊണ്ടുപോവുന്ന വഴി പൊലീസ് വാഹനത്തില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവര്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരാണെന്നും ഇസ്ലാമിക് സ്റ്റേറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നുമാണ് തെലങ്കാന പൊലീസ് അറിയിച്ചിരുന്നത്. തെഹ്രീകെ ഗെല്‍ബെ ഇസ്ലാമി എന്ന പേരില്‍ ഒരു ഭീകര സംഘടന സ്ഥാപിച്ച് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തിവരികയായിരുന്നു എന്നായിരുന്നു കേസ്. വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ ഇവര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോളായിരുന്നു വെടുവെച്ച് കൊന്നതെന്നാണ് തെലങ്കാന പൊലീസ് നല്‍കുന്ന വിശദീകരണം.

ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് വകറുദീന്‍, മുഹമ്മദ് ഹനീഫ്, അംജദ് അലി, റിയാസ് ഖാന്‍ എന്നിവരും യു.പി സ്വദേശിയായ ഇസ്ഹാര്‍ ഖാന്‍ എന്നിവരുമാണ് കൊല്ലപ്പെട്ടത്. കോടതിയില്‍ കൊണ്ടു പോവുന്ന വഴിക്ക്, വകറുദ്ദീന്‍ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങി തിരിച്ചു വന്നശേഷം തോക്ക് തട്ടിപ്പറിക്കുകയും മറ്റുള്ളവര്‍ ഇതോടൊപ്പം തങ്ങളെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ കൊല്ലപ്പെട്ട തടവുകാരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടീയാണ് ഈ വാദംത്തിനെതിരെ ബന്ധുക്കളും സംഘടനകളും രംഗത്ത് വന്നിരിക്കുന്നത്.

ചിത്രത്തില്‍ വകറുദ്ദീന്‍ ജീപ്പില്‍ കൈ വിലങ്ങിട്ട് ബന്ധിക്കപ്പെട്ട നിലയിലാണ്. കൈവിലങ്ങിട്ട് ബന്ധിക്കപ്പെട്ട ഒരാള്‍ എങ്ങിനെയാണ് തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു. ശരീരമാകെ വെടിയുണ്ട തുളച്ചു കയറിയ വകറുദ്ദീന്റെ കൈയിലുള്ള തോക്കില്‍ ഒട്ടും ചോര പുരണ്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത് തലങ്കാന പൊലീസ് തന്നെയാണ്.  സംഭവത്തില്‍ പരിക്കേറ്റ എസ്.ഐ സിദ്ധയ്യ നാലു ദിവസത്തിനുശേഷം ആശുപത്രിയില്‍ വെച്ച് മരിച്ചു. ഭാര്യ കുഞ്ഞിനു ജന്‍മം നല്‍കിയ അതേ ദിവസമാണ് അതേ ആശുപത്രിയില്‍ സിദ്ധയ്യ മരിച്ചത്. ഇവരുടെ വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു സിദ്ധയ്യയുടെ മരണം. സംഭവത്തില്‍, ഒരു കോണ്‍സ്റ്റബിളിനും പരിക്കേറ്റിരുന്നു.

അതേസമയം സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത് വരെ ഇവരുടെ സംസ്കാര ചടങ്ങുകള്‍ നടത്തില്ലെന്ന് ഹൈദരാബാദില്‍ ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവുന്നത് വരെ മൃതദഹങ്ങള്‍ സംസ്കരിക്കില്ല. അന്ത്യ കര്‍മ്മങ്ങളും നടത്തില്ല. മൃതദേഹങ്ങളുമായി സമരം നടത്തുമെന്നും കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മനുഷ്യാവകാശ സംഘടനകളും മുസ്ലിം സംഘടനകളും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

അതിനിടെ പൊലീസിനെതിരെ പ്രതികളുടെ അഭിഭാഷകരും രഗത്തെത്തിയിട്ടുണ്ട്. കേസ് വിചാരണക്കിടെ, ഇവരുടെ പങ്കാളിത്തം തെളിയിക്കാന്‍ പൊലീസ് ബുദ്ധിമുട്ടുക ആയിരുന്നുവെന്ന് അഭിഭാഷകര്‍ പറഞ്ഞു. വിചാരണ തീരാറായതോടെ കേസില്‍ ഇവരെ വെറുതെ വിടാവുന്ന അവസ്ഥ ആയിരുന്നുവെന്നും അഭിഭാഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക