തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ടു മലയാളികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതു സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. മരിച്ചവരിലേറെയും മലയാളികളെന്ന് അഗസ്തീശ്വരം തഹസില്‍ദാര്‍. 24 ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
യൂണിവേഴ്സല്‍ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ ആറു മണിക്ക് നാഗർകോവിൽ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറയിലായിരുന്നു അപകടം. ബസ് തലകീഴായി മറിയുകയായിരുന്നു.
പരുക്കേറ്റവരെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലും കാരക്കോണത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 38 പേർ ബസിൽ ഉണ്ടായിരുന്നു.
അതേസമയം, മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് തിരുവനന്തപുരം കളക്‌ടര്‍ ബിജു പ്രഭാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുതുച്ചേരിയിൽ നിന്ന് വേളാങ്കണ്ണി വഴി തിരുവനന്തപുരത്തേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അതിവേഗതയിൽ വന്ന ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്.