രാജ്യത്തെ പ്രധാനവിനോദസഞ്ചാരകേന്ദ്രവും ചരിത്രസ്മാരകവുമായ താജ്‌മഹല്‍ ഉള്‍പ്പെടെ മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, പിന്നീട് ആക്രമണം നടത്താന്‍ ഉദ്ദേശിച്ചതിന്റെ തൊട്ടുതലേന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്. സുരക്ഷാസേനയുടെ കണ്ണ് വെട്ടിച്ച് ലജ്പത്‌നഗറില്‍ എത്തിയ രണ്ട് ഭീകരര്‍ ആക്രമണത്തിനായി ആറ് ബോംബുകള്‍ നിര്‍മ്മിക്കയും ചെയ്തിരുന്നു.
താജ്‌മഹല്‍, ഇസ്കോണ്‍ ക്ഷേത്രം, സെലക്‌റ്റ് സിറ്റിവാക്ക് മാള്‍ തുടങ്ങി നാലിടങ്ങളില്‍ ആക്രമണം നടത്താന്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ സ്വദേശികളായ ഇവര്‍ പിന്നീട് കാബൂള്‍ പൊലീസിന്റെ പിടിയിലായതിനെ തുടര്‍ന്നാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരം പുറത്തായത്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനായി റോ, ഐ ബി, മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ കാബൂളിലേക്ക് അയച്ചിട്ടുണ്ട്.