പ്രശസ്തിക്കൊപ്പം വിവാദങ്ങളും ശ്രീശാന്തിന്റെ കൂടപ്പിറപ്പാണ്. ഒത്തുകളിച്ചതിന്റെ പേരില്‍ ക്രിക്കറ്റില്‍ നിന്നും വിലക്കപ്പെട്ട ശ്രീശാന്ത് ഇപ്പോള്‍ വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞ് കഴിയുകയാണ്. ഇതിനിടെ അഭിനയത്തിലും ഒരു കൈ നോക്കാനാണ് ശ്രീയുടെ തീരുമാനം. അതും അരങ്ങേറ്റം ബോളിവുഡിലും.
പൂജ ഭട്ട് നിര്‍മ്മിക്കുന്ന കാബറെ എന്ന ചിത്രത്തിലൂടെയാണ് ശ്രീശാന്ത് ഹിന്ദി സിനിമയില്‍ എത്തുന്നത്. ചിത്രത്തില്‍ മലയാളി കഥാപാത്രത്തെ തന്നെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. റിച്ച ഛദ്ദ നായികയാകുന്ന ചിത്രത്തില്‍ നായികയുടെ ഉപദേശകനായാണ് ശ്രീശാന്ത് പ്രത്യക്ഷപ്പെടുക.
ശ്രീശാന്തിന് ഇണങ്ങുന്ന കഥാപാത്രമായതുകൊണ്ടാണ് അദ്ദേഹത്തെ ചിത്രത്തില്‍ കാസ്റ്റ് ചെയ്തതെന്ന് പൂജാ ഭട്ട് പറഞ്ഞു. ശ്രീശാന്തിനെ വീട്ടിലെത്തി പൂജ കണ്ടിരുന്നു. കഥാപാത്രം ശ്രീയുടെ സ്വഭാവത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും സ്വാഭാവികതയുള്ള അഭിനേതാവാണ് അദ്ദേഹമെന്നും പൂജ വ്യക്തമാക്കി. ശ്രീശാന്തില്‍ പ്രതിഭ ബാക്കിയിട്ടുണ്ടെന്നും അത് ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ ചിത്രത്തിലൂടെ കഴിയുമെന്നുമാണ് പൂജയുടെ വിശ്വാസം.
കൗസ്തവ് നാരായണ്‍ ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് കാബറെ. ടി സീരീസാണ് സഹ നിര്‍മ്മാതാക്കള്‍. അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തും.