ആക്ഷന്‍ ഹീറോ സുരേഷ് ഗോപി തുറന്നടിക്കുന്നു; ‘ആരു പറഞ്ഞാലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല’

Webdunia
വ്യാഴം, 11 ഫെബ്രുവരി 2016 (16:51 IST)
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളെ തള്ളി ന‌ടൻ സുരേഷ്ഗോപി രംഗത്ത്. താന്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താരത്തെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സംസ്ഥാന നേതാക്കള്‍ രംഗത്തെത്തി.

എൻഎഫ്ഡിസി (ദേശീയ ചലചിത്ര വികസന കോർപ്പറേഷൻ) ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സുരേഷ് ഗോപിയെ പുതിയ തീരുമാനം കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. എൻഎഫ്ഡിസി ചെയര്‍മാനാകുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ താരം ദേശിയ നേതാക്കളെ കണ്ടിരുന്നു.

എന്നാല്‍, മാസങ്ങൾ കഴിഞ്ഞിട്ടും വിഷയത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനമുണ്ടാകാത്തതാണ് സുരേഷ് ഗോപിയെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. സുരേഷ്ഗോപിയെ തിരുവനന്തപുരത്തോ വട്ടിയൂർക്കാവിലോ മത്സരിപ്പിക്കാൻ നീക്കം നടത്തിയ ബിജെപിക്ക് നടന്റെ തീരുമാനം കനത്ത തിരിച്ചടിയായി.

മനോരമ ഓൺലൈന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്ഗോപി ഈ കാര്യം വ്യക്തമാക്കിയത്.