പുരി രഥയാത്ര നടത്താൻ അനുമതി വേണമെന്ന ആവശ്യവുമായി ഒഡീഷയും കേന്ദ്രവും: സുപ്രീം കോടതി വീണ്ടും വാദം കേൾക്കും

തിങ്കള്‍, 22 ജൂണ്‍ 2020 (13:28 IST)
കൊറോണാവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രശസ്തമായ രഥയാത്ര ഒഴിവാക്കിയ സുപ്രീംകോടതി ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ചടങ്ങ് ചില നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്നതിനെ അനുകൂലിക്കുന്നതായി കേന്ദ്രസർക്കാറും ഒഡീഷ സർക്കാറും കോടതിയെ അറിയിച്ചു. ജൂൺ 23ന്നാണ് പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്ര നടത്തേണ്ടത്.
 
വിഷയം കോടിക്കണക്കിന് വരുന്ന ആളുകളുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന് ചടങ്ങ് കർശനമായ നിയന്ത്രണങ്ങളോടെ നടത്താമെന്നും കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ട് ഉള്ളവര്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാമന്നും മേത്ത നിർദേശിച്ചു.രഥയാത്രയുടെ തല്‍സമയ ദൃശ്യങ്ങള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യാവുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
 
ഇക്കൊല്ലം രഥയാത്ര നടത്തിയില്ലെങ്കിലും ജഗന്നാഥന്‍ ക്ഷമിക്കുമെന്ന പരാമര്‍ശത്തോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് രഥയാത്ര വേണ്ടെന്നുവെച്ചത്. ആളുകളുടെ സുരക്ഷ മുൻ‌നിർത്തു രഥയാത്ര നടത്താൻ സാധിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
 
ലക്ഷകണക്കിന് ജനങ്ങളാണ് പുരിയിലെ രഥോത്സവത്തിൽ പങ്കെടുക്കാറുള്ളത്.രഥോത്സവം തടയണമെന്നാവശ്യപ്പെട്ട് വികാസ് പരിഷത് എന്ന എന്‍ജിഒ നല്‍കിയ പൊതുതാല്‍പര്യഹർജിയിലാണ് നേരത്തെ രഥോത്സവം ഈ വർഷം നടത്തേണ്ടെന്ന തീരുമാനം സുപ്രീം കോടതി പുറപ്പെടുവിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍