ക്രിമിനലുകള്‍ മന്ത്രിസഭയിൽ വേണ്ട: സുപ്രീംകോടതി

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2014 (11:36 IST)
ക്രിമിനൽ കേസുകളില്‍ ഉള്‍പ്പെട്ടവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളിലും കേസുകളിലും പെട്ടവര്‍ എങ്ങനെയാണ് മന്ത്രിസഭയിൽ ചേര്‍ന്ന് ജനങ്ങള്‍ക്കായി ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയെന്നും ചീഫ് ജസ്റ്റീസ് ആർഎം ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആവശ്യമായ തീരുമാനം കൊക്കൊള്ളണമെന്നും. വിവേകത്തോടെയുള്ള നീക്കങ്ങള്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി കൈക്കൊള്ളണമെന്നും ചീഫ് ജസ്റ്റീസ് അടങ്ങിയ ബഞ്ച് വ്യക്തമാക്കി. 2004ലാണ് ഇതു സംബന്ധിച്ച പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടത്. എന്നാൽ ക്രിമിനലുകളെ മന്ത്രിമാരാക്കുന്ന കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ബെഞ്ച് തയ്യാറായില്ല.

യുപിഎ സർക്കാരിൽ ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്,​ മൊഹമ്മദ് തസ്ളിമുദീൻ,​ മാ ഫ്തമി,​ ജയ്‌പ്രകാശ് യാദവ് എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ്  2004ല്‍ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടത്. ഹർജി ആദ്യം തള്ളിയെങ്കിലും പിന്നീട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഹർജി വീണ്ടും പരിഗണിക്കുകയായിരുന്നു.