ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണം: സുപ്രീംകോടതി

Webdunia
ബുധന്‍, 28 ഒക്‌ടോബര്‍ 2015 (10:44 IST)
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെറിറ്റ് മാത്രമായിരിക്കണം പ്രവേശന മാനദണ്ഡമെന്ന് സുപ്രീംകോടതി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണം. കേന്ദ്ര- സംസ്ഥാന സർക്കാരുകള്‍ ഈ കാര്യം ഗൌരവത്തോടെ എടുക്കണം. സ്വാതന്ത്യം ലഭിച്ച് 68 വർഷമായിട്ടും ഇത്തരം ആനുകുല്യം തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദീപക് മിശ്ര, പി.സി.പന്ത് ഉൾപ്പെട്ട ബെഞ്ചാണ് നയം വ്യക്തമാക്കിയത്.

രാജ്യത്ത് തുടരുന്ന സംവരണം മെറിറ്റിന്റെ പ്രാധാന്യം ഇല്ലാതാക്കുകയാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ഉണ്ടാകേണ്ട ക്വാളിറ്റി സംവരണം ഇല്ലാതാക്കുകയാണ്. മെച്ചപ്പെട്ട നിലവാരം ഉണ്ടാകണമെങ്കില്‍ സംവരണം എടുത്തു കളയണം. നേരത്തെയും ഇത്തരത്തില്‍ കോടതി പരാമര്‍ശങ്ങള്‍ നടത്തിയെങ്കിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈ കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു.  കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും സംവരണത്തിന്റെ കാര്യം യാതൊരു തടസ്സവും കൂടാതെ എത്രയും പെട്ടന്ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 1988 ലെ വിധിയും കോടതി ഓർമിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തു നിലവാരം വേണമെങ്കില്‍ മെരിറ്റുള്ളവര്‍ കോഴ്‌സുകളില്‍ വരണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ സംസ്ഥാനങ്ങളില്‍ ജനിച്ചതോ സ്ഥിരതാമസമായതോ ആയ വിദ്യാര്‍ഥികള്‍ക്കു സംവരണം നല്‍കുന്നതിനെതിനെതിരെയാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.